ചേലക്കര: മംഗലം ഡാം തുറന്ന് ചീരക്കുഴി ഇറിഗേഷൻ പദ്ധതിക്ക് ആവശ്യമായ വെള്ളമെത്തിക്കാൻ മുൻകൈയെടുത്ത് എം.എൽ.എ യു.ആർ പ്രദീപ്. പദ്ധതിക്കാവശ്യമായ വെള്ളം എത്തിക്കുന്നത് സംബന്ധിച്ച് ജല വിഭവ വകുപ്പ് മന്ത്രിക്ക് എം.എൽ.എ കത്ത് നൽകി. 2018ലെ പ്രളയത്തിൽ ചിരക്കുഴി പ്രൊജക്ടിലെ 8 ഷട്ടറുകൾക്കും കനാലുകൾക്കും തകരാർ പറ്റിയിരുന്നു. സംസ്ഥാന ദുരന്ത നിവാരണ, റീ ബിൽഡ് കേരള ഫണ്ടുകൾ ഉപയോഗിച്ച് 9.56 കോടി രൂപ മുതൽ മുടക്കിലാണ് ഷട്ടറുകൾ മാറ്റി സ്ഥാപിച്ചതും, കനാൽ നവീകരിച്ചതും. ലോക്ക് ഡൗണിനു ശേഷം ടെന്റർ നടപടികൾ പൂർത്തീകരിച്ച് അടിയന്തിര പ്രാധാന്യത്തോടെ പ്രവർത്തികൾ പൂർത്തികരിക്കുകയും ചെയ്തു. ഗായത്രി പുഴയിൽ നീരോഴുക്ക് ദുർബലമായതോടെ പദ്ധതി പുനരാരംഭിക്കാൻ സാധിച്ചിട്ടില്ല. ഇറിഗേഷൻ പുനരാരംഭിക്കുന്നതിനായി ഗായത്രി പുഴയുടെ നീരൊഴുക്കിന്റെ ശക്തി കൂട്ടി മംഗലം ഡാമിൽ നിന്നും വെള്ളം ലഭ്യമാക്കാനുള്ള നടപടി വേഗത്തിലാക്കാനാണ് എം.എൽ.എയുടെ ഇടപെടൽ. മംഗലം ഡാമിന്റെ ചുമതലയുള്ള മലമ്പുഴ ഡാം എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് ആവശ്യമായ നിർദ്ദേശം നൽകണമെന്ന് കാണിച്ചാണ് എം.എൽ.എ ജലവിഭവ വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയത്. 5 പഞ്ചായത്തുകളിലായി 1000 ഏക്കറോളം നെൽ കൃഷിക്കാണ് ചീരക്കുഴിയിലെ വെള്ളം ഉപയോഗിക്കുന്നത്. കഴിഞ്ഞ 2 വർഷങ്ങളിലും മണൽ ചാക്കുകൊണ്ട് താല്ക്കാലിക തടയണ നിർമ്മിച്ചാണ് ഇവിടേക്ക് വെള്ളമെത്തിച്ചിരുന്നത്.