traffic
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഇന്നലെ വൈകീട്ട് അനുഭവപ്പെട്ട തിരക്ക്

തൃശൂർ: ക്രിസ്മസിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ തൃശൂർ നഗരം തിരക്കിലമരുന്നു. മിക്ക സമയങ്ങളിലും നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്.

കാറുകൾ, ബൈക്കുകൾ ഉൾപ്പടെയുള്ള സ്വകാര്യ വാഹനങ്ങളിൽ നഗരത്തിലേക്കെത്തുന്നവരുടെ എണ്ണം പെരുകിയതാണ് കുരുക്ക് വർധിക്കാൻ കാരണമാക്കുന്നത്. ക്രിസ്മസിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ അവധി ദിനമായ ഇന്നലെ സാമാന്യം നല്ല തിരക്കാണ് നഗരത്തിൽ ദൃശ്യമായത്.

പലചരക്ക്, പച്ചക്കറി, മത്സ്യ, മാംസ വിപണികളിലും സാമാന്യം നല്ല തിരക്കുണ്ട്. തൃശൂർ ശക്തൻ മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിലും നല്ല തിരക്കാണ്.

മഹാമാരി രൂക്ഷമായി നില നിൽക്കുമ്പോഴും ആളുകൾ അതെല്ലാം ലംഘിക്കുന്ന രീതിയാണ് മിക്കപ്പോഴും അവലംബിക്കുന്നത്. ഞായറാഴ്‌ചയിൽ കൂടുംബ സമേതം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്നവരും ഏറെയുണ്ട്. മിക്ക പള്ളികളും അടഞ്ഞ് കിടപ്പാണേലും പള്ളികളുടെ മുന്നിൽ നിന്ന് പ്രാർത്ഥിക്കാനെത്തുന്നവരും ഏറെയാണ്. ക്രിസ്മസിന് തൊട്ടടുത്ത ദിവസങ്ങളിൽ നഗരത്തിൽ ഇനിയും തിരക്ക് അധികരിക്കാനാണ് സാധ്യത. ക്രിസ്മസ്, പുതുവർഷ സീസൺ കണക്കിലെടുത്ത് തൃശൂർ നഗരത്തിൽ കൂടുതൽ ട്രാഫിക്ക് പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

വാഹനങ്ങൾ അധികരിച്ചതോടെ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം കുരുക്കിൽപെട്ട് വാഹനങ്ങൾ നിരന്ന് കിടക്കുന്ന കാഴ്ചയാണ്. പൂങ്കുന്നം, പാട്ട്രായ്ക്കൽ, അശ്വനി ജംഗ്ഷനുകളിൽ മിക്ക സമയങ്ങളിലും വൻ ഗതാഗത കുരുക്കാണ്. ആവശ്യത്തിന് ട്രാഫിക്ക് പൊലീസുകാരില്ലാത്തതും കുരുക്ക് കൂടാൻ കാരണമാക്കുന്നുണ്ട്. എം. ജി റോഡിൽ മിക്ക സമയങ്ങളിലും വൻ കുരുക്കാണുണ്ടാകുന്നത്.

ക്രിസ്മസ് തിരക്ക്

ക്രിസ്മസ് അടുത്തതിനാൽ സൂപ്പർ മാർക്കറ്റുകളും ജ്വല്ലറികളും തുണിക്കടകളും ഞായറാഴ്ച്ചയിലും തുറന്ന് പ്രവർത്തിച്ചു.

ഇവിടങ്ങളിൽ ഷോപ്പിംഗിനെത്തുന്നവരും നിരവധിയാണ്.കേക്ക്, നക്ഷത്രങ്ങൾ വില്ക്കുന്ന വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. തൃശൂർ ഹൈ റോഡിലെ ക്രിസ്മസ് ഐറ്റംസ് ലഭ്യമാകുന്ന കടകളിലാണ് തിരക്ക് കൂടുതൽ ദൃശ്യമാകുന്നത്.