 
ചേർപ്പ്: മഹാമാരിയെ തുടർന്ന് പൂരങ്ങളും ഉത്സവങ്ങളും ഇല്ലാത്ത നീണ്ട ഒരു ഇടവേളക്ക് ശേഷം പെരുവനം മേള ഗ്രാമത്തിൽ മേളം അരങ്ങേറി. 'പഞ്ചാരി പിറവി കൊണ്ട ചരിത്രപ്രസിദ്ധമായ പെരുവനം നടവഴിയിലാണ് പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ നൂറോളം വാദ്യകലാകാരൻമാർ അണിനിരന്ന് രണ്ട് മണിക്കൂർ നീണ്ട മേളം ഇന്നലെ രാവിലെയാണ് മേള വിസ്മയം തീർത്തത്.ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന കുട്ടനെല്ലൂർ പൂരത്തിന് ശേഷമാണ് മേളകലാകാരൻമാർ പെരുവനത്ത് മേളത്തിന് സംഗമിച്ചത്.പ്രതിസന്ധി നാളുകളെ അതിജീവിച്ച കലാകാരൻമാരിലെ മാനസിക ഉല്ലാസത്തിനും വരാനിരിക്കുന്ന ഉത്സവങ്ങളുടെ പ്രതീക്ഷകളുമാണ് ഇത്തരം മേള കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നതെന്ന് പെരുവനം കുട്ടൻ മാരാർ പറഞ്ഞു. ജീവിത ഉപാധി എന്നതിലുപരി പഠിച്ച കലയെ ദുരിത ഘട്ടങ്ങളിൽ നിന്ന് മുക്തി നേടിയെടുക്കുകയാണ് ഉദ്ദേശിക്കുന്നതെന്ന് പെരുവനം കൂട്ടി ചേർത്തു.രാജീവ് മേനോൻ ,അജയൻ എന്നിവരുടെ നേതൃത്വത്തിൽ സർവ്വ മംഗള ട്രസ്റ്റാണ് മേളം സംഘടിപ്പിച്ചത്.കുമ്മത്ത് രാമൻ കുട്ടി കൊമ്പിലും, വെളപ്പായ നന്ദനൻ കുറുംകുഴലിലും, കുമ്മത്ത് നന്ദനൻ ഇലത്താളത്തിലും, പെരുവനം ഗോപാലകൃഷ്ണൻ വീക്ക് ചെണ്ടയിലും നേതൃത്വം വഹിച്ചു.