
തൃശൂർ. തദ്ദേശ തിരെഞ്ഞെടുപ്പിലെ കനത്ത തോൽവി ഒരു ഭാഗത്തു വലിയ ചർച്ചകൾക്ക് വഴിവെക്കുന്നതിനിടെ നിയമസഭ തിരെഞ്ഞെടുപ്പ് പ്രവർത്തനത്തിന് കാലെടുത്തു വെച്ച് കോൺഗ്രസ്. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് സംസ്ഥാന നേതൃയോഗത്തിൽ എടുത്ത തീരുമാന പ്രകാരം നിയോജക മണ്ഡലം തലത്തിലുള്ള യോഗത്തിന് ഇന്ന് തുടക്കം കുറിക്കും.
ജില്ലയിൽ ചുമതല കൊടുത്തിട്ടുള്ള കെ.പി.സി.സി ഭാരവാഹികളിൽ തൃശൂർ ജില്ലക്കാർ രണ്ടു പേർ മാത്രമാണ് ഉള്ളത്. മുതിർന്ന നേതാവ് ജോസഫ് ചാലിശ്ശേരിയും ജോസഫ് ടാജറ്റും മാത്രമാണ് ലിസ്റ്റിൽ ഉള്ളത്.സംവരണ മണ്ഡലങ്ങളായ ചേലക്കര, നാട്ടിക മണ്ഡലങ്ങളിലാണ് ഇവർക്ക് ചുമതല. അടുത്ത ഏതാനും മാസകാലം ഇവർ മുഴുവൻ സമയവും 13 നിയോജക മണ്ഡലങ്ങളിലും പ്രവർത്തനം ഏകോപിപ്പിക്കാൻ രംഗത്ത് ഉണ്ടാകുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, നിയോജക മണ്ഡലത്തിലെ പ്രശ്നങ്ങൾ പൊതു ജനമധ്യത്തിൽ ഉയർത്തികൊണ്ട് വരിക എന്നിവ ചുമതല നൽകിയവർ ഏകോപിപ്പിക്കും.കഴിഞ്ഞ തവണ 13 നിയോജക മണ്ഡലങ്ങളിൽ വടക്കാഞ്ചേരി മണ്ഡലം മാത്രമാണ് യു.ഡി.എഫിനു ലഭിച്ചത്. അത് തന്നെ നൂറിൽ താഴെ വോട്ടുകൾക്കായിരുന്നു ഭൂരിപക്ഷം. ഇത്തവണത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആകെയുള്ള 86 പഞ്ചായത്തുകളിൽ 20 ൽ താഴെ മാത്രമാണ് യു. ഡി. എഫിനു ലഭിച്ചത്.
യോഗം ഇന്ന്
ജില്ലയിലെ ഓരോ നിയോജക മണ്ഡലങ്ങൾക്കും ഓരോ കെ.പി.സി.സി ഭാരവാഹികളെ ചുമതലപെടുത്തിയാണ് യോഗം നടക്കുന്നത്.ഇന്ന് ത്രിതല പഞ്ചായത്തുകളിൽ സത്യപ്രതിജ്ഞ നടക്കുന്നതിനാൽ എല്ലാ സ്ഥലങ്ങളിലും ഇന്ന് യോഗം നടക്കില്ല. എന്നാൽ അടുത്ത ദിവസങ്ങളിൽ എല്ലാ മണ്ഡലത്തിലും യോഗം നടക്കുമെന്ന് ഡി. സി. സി പ്രസിഡന്റ് എം. പി. വിൻസെന്റ് പറഞ്ഞു.
മണ്ഡല ചുമതലകൾ
ചേലക്കര - ജോസഫ് ചാലിശ്ശേരി
കുന്നംകുളം -പി. ജെ. ജോയി
ഗുരുവായൂർ- എം. എ. ചന്ദ്രശേഖരൻ
മണലൂർ -ജെബി മെത്തേർ
വടക്കഞ്ചേരി - ലാലി വിൻസെന്റ്
ഒല്ലൂർ - ബി. ബൈജു
തൃശൂർ - ടോണി ചമ്മണി
കൈപ്പമംഗലം - തമ്പി സുബ്രഹ്മണ്ണ്യൻ
നാട്ടിക - ജോസഫ് ടാജറ്റ്
ഇരിഞ്ഞാലക്കുട - ചാൾസ് ഡയസ്
പുതുക്കാട് -) ആശ സനിൽ
ചാലക്കുടി - എം. ആർ. അഭിലാഷ്
കൊടുങ്ങല്ലൂർ - കെ. എം. സലാം
ശക്തമായ തിരിച്ചു വരവ് നടത്തും
പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി യു.ഡി.എഫ് മറികടക്കും. ശക്തമായ തിരിച്ചു വരവ് നടത്തും. ജില്ലയിലെ പ്രവർത്തനം ഏകോപിപ്പിക്കാൻ മുതിർന്നവരെയും പ്രധാന നേതാക്കളെയും ഉൾകൊള്ളിച്ചു ഒരു സമിതി രൂപീകരിക്കും.
ഡി. സി. സി പ്രസിഡന്റ് ,എം. പി. വിൻസെന്റ്