പാവറട്ടി: ഇന്ത്യയിലെ കർഷകരുടെ നട്ടെല്ല് തകർക്കുന്ന കേന്ദ്ര കരിനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ന്യൂഡെൽഹിയിൽ നടത്തിവരുന്ന സമരത്തിൽ മരണമടഞ്ഞ കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇടതുപക്ഷ കർഷകസമിതി മുല്ലശേരിയിൽ അനുസ്മരണ പൊതുയോഗം നടത്തി. നിരവധി കർഷകരുടെ ജീവൻ ത്യജിക്കേണ്ടി വന്നാലും സമരത്തിൽ നിന്നും പിന്മാറുന്ന പ്രശ്നമില്ലെന്ന് യോഗം താക്കീത് നൽകി. അനുസ്മരണ പൊതുയോഗം കേരള കർഷകസംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി മുരളി പെരുനെല്ലി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കിസാൻസഭ മണലൂർ നിയോജക മണ്ഡലം സെക്രട്ടറി എം.ആർ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.സുബ്രഹ്മണ്യൻ, വി.എൻ. സുർജിത്, കെ.പി. ആലി, ബെന്നി ആൻ്റണി എന്നിവർ പ്രസംഗിച്ചു.