 
വടക്കാഞ്ചേരി: ആറ്റത്ര മേഖലയിലെ വിവിധ പാടശേഖരങ്ങളിലെ നെൽക്കർഷകർ പ്രതിസന്ധിയിൽ. ആറ്റത്ര പാടശേഖരത്ത് ഉമ വിത്ത് ഉപയോഗിച്ച് മുണ്ടകൻ കൃഷിയിറക്കിയ എൺപതോളം കർഷകരാണ് ജലദൗർലഭ്യത മൂലം പ്രതിസന്ധിയിലായത്.
തുലാവർഷം കാര്യമായി ലഭിക്കാത്തതിനാൽ പാടങ്ങളിൽ വെള്ളം ഇല്ലാത്ത അവസ്ഥയാണ്. വാഴാനി പുഴയെ ആശ്രയിച്ചാണ് 65 ഏക്കറോളം സ്ഥലത്ത് നിരവധി പേർ വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കി ഉപജീവനം നടത്തിവരുന്നത്. പ്രദേശത്തെക്ക് വെള്ളം ഒഴുകിയെത്തുന്ന മുട്ടിക്കൽ ചിറയുടെ ശോചനീയാവസ്ഥ മൂലം ചിറകൾക്ക് പലക ഇട്ടുണ്ടെങ്കിലും വെള്ളം ചോർന്നുപോകുകയാണ്. പുഴയിൽനിന്ന് പാടത്തേക്കുള്ള ചെറിയ തോടുകളിലേക്ക് വെള്ളം ഒഴുകിയെത്താൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും കർഷകർ പറയുന്നു. രണ്ടുപ്രാവശ്യമായാണ് ഇവിടെ കൃഷി ഇറക്കിയിരിക്കുന്നത്.