കൊടുങ്ങല്ലൂർ:കൊടുങ്ങല്ലൂർ നഗരസഭയിൽ 44 വാർഡുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് രാവിലെ 10ന് നഗരസഭാ ടൗൺ ഹാളിൽ നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളിൽ ഏറ്റവും മുതിർന്ന അംഗവും മുൻ നഗരസഭ ചെയർമാനുമായ കെ.ആർ.ജൈത്രന് റിട്ടേണിംഗ് ഓഫീസർ എ.പി കിരൺ (ഡെപ്യൂട്ടി കലക്ടർ എൽ ആർ) സത്യവാചകം ചൊല്ലിക്കൊടുക്കും. ശേഷം മറ്റ് അംഗങ്ങൾക്കുള്ള സത്യപ്രതിജ്ഞാ വാചകം മുതിർന്ന അംഗമായ കെ.ആർ.ജൈത്രൻ ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടൻ കൗൺസിലിന്റെ ആദ്യ യോഗം മുതിർന്ന അംഗത്തിന്റെ അദ്ധ്യക്ഷതയിൽ കൗൺസിൽ ഹാളിൽ നടക്കും. പട്ടികജാതി വനിതാ സംവരണമായതിനാൽ പുതിയ ഭരണത്തിൽ നഗരസഭയെ നയിക്കുന്നത് വനിതയാകും. നഗരസഭ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് സംബന്ധിച്ച അറിയിപ്പ് നഗരസഭ സെക്രട്ടറി അവതരിപ്പിക്കുന്നതോടെ യോഗം സമാപിക്കും. ഡിസംബർ 28നാണ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് യോഗം നടക്കുക