കൊടുങ്ങല്ലൂർ: ഇന്ത്യയിലെ കർഷകരുടെ നട്ടെല്ല് തകർക്കുന്ന കേന്ദ്രകരിനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കർഷക കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണപുരത്ത് കർഷകസംഗമം നടത്തി. കർഷകരെ ആത്മഹത്യക്ക് തള്ളിവിടുന്ന ബില്ലുകൾ കർഷക സംഘടനകളുമായി ചർച്ച ചെയ്യാതെയും പാർലമെന്റ് സെലക്റ്റ് കമ്മിറ്റിക്ക് കൈമാറാതെയും പാർലമെന്റിൽ ചർച്ച അനുവദിക്കാതെയും മോദി സർക്കാർ തിടുക്കത്തിൽ പാസാക്കി നടപ്പാക്കിയത് കോർപ്പറേറ്റുകളെ സഹായിക്കാനാണെന്ന് സംഗമം ആരോപിച്ചു. കർഷക ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി തൃശൂർ കോർപ്പറേഷനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കും.
കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് അമ്പാടി വേണു സംഗമം ഉദ്ഘാടനം ചെയ്തു. കിസാൻസഭ മണ്ഡലം സെക്രട്ടറി വി.എ. കൊച്ചുമൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് കെ.കെ അബീദലി,കർഷക സംഘം ഏരിയ സെക്രട്ടറി എം.എസ്. മോഹനൻ, കിസാൻ ജനത പ്രസിഡന്റ് ഹൈദ്രോസ് എം.ഡി. സുരേഷ്, ടി.കെ.രമേഷ്ബാബു, എം.ആർ. ജോഷി, കെ. രഘുനാഥ് എന്നിവർ സംസാരിച്ചു.