തൃശൂർ: കോർപ്പറേറ്റുകൾക്കുവേണ്ടി പാവപ്പെട്ട കർഷകരെ കൊലചെയ്യുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ കിസാൻ സംഘർഷ് കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി അനുസ്മരണം നടത്തി. ജില്ലയിൽ 16 കേന്ദ്രങ്ങളിൽ രക്തസാക്ഷി അനുസ്മരണം നടന്നു. ഡൽഹിയിലെ കൊടും തണുപ്പിലും സമരരംഗത്തുള്ള കർഷകരിൽ 30പേർ ഇതുവരെ രക്തസാക്ഷികളായി. ഇവരുടെ ചിത്രങ്ങൾക്കു മുമ്പിൽ പുഷ്പാർച്ചന നടത്തി. മണലൂരിൽ കർഷക സംഘം സംസ്ഥാന ജോയിന്‍റ് സെക്രട്ടറി മുരളി പെരുനെല്ലി എം.എൽ.എയും മാളയിൽ കിസാൻസഭ ജില്ലാ സെക്രട്ടറി കെ.വി. വസന്തകുമാറും ഉദ്‌ഘാടനം ചെയ്‌തു.
തൃശൂരിൽ കർഷകസംഘം ജില്ലാ ട്രഷറർ എ. എസ് കുട്ടിയും ചേർപ്പിൽ സംസ്ഥാന കമ്മിറ്റിഅംഗം പി. ആർ. വർഗീസും മണ്ണുത്തിയിൽ സംസ്ഥാന കമ്മിറ്റിഅംഗം എം.എം. അവറാച്ചനും ഒല്ലൂരിൽ സംസ്ഥാന കമ്മിറ്റിഅംഗം കെ.വി. സജുവും ചാവക്കാട് കിസാൻസഭ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി എൻ.കെ സുബ്രഹ്മണ്യനും കൊടുങ്ങല്ലൂരിൽ കെ.കെ രാജേന്ദ്രബാബുവും ചാലക്കുടിയിൽ എ.ഇ. കുമാരനും പുഴയ്ക്കലിൽ കെ.കെ. ചന്ദ്രനും ഇരിങ്ങാലക്കുടയിൽ ടി.ജി. ശങ്കരനാരായണനും നാട്ടികയിൽ എം.എ. ഹാരീസ് ബാബുവും ചേലക്കരയിൽ പി.എ. ബാബുവും കുന്നംകുളത്ത് സി.എൽ. സൈമനും വടക്കാഞ്ചേരിയിൽ സോമനാരായണനും പുതുക്കാട് ടി. എ. രാമകൃഷ്ണനും ഉദ്‌ഘാടനം ചെയ്‌തു.