
തൃശൂർ: ക്ഷേത്രങ്ങളുടെ ഭരണം ഭക്തർക്ക് കൈമാറാൻ സർക്കാർ തയ്യാറാകണമെന്ന് ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു. തൃശൂരിൽ കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന വാർഷിക സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരരാജ്യത്ത് ഹിന്ദു ക്ഷേത്രങ്ങളുടെമേൽ മാത്രം സർക്കാർ നിയന്ത്രണങ്ങൾ തുടരുന്നത് അഭികാമ്യമല്ല. സിക്ക് ഗുരുദ്വാരകളുടെ നടത്തിപ്പ് മാതൃകയാക്കി കേരളത്തിലെ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനും നടത്തിപ്പിനും വിശ്വാസികളുടെ നേതൃത്വത്തിൽ സംവിധാനങ്ങളുണ്ടാകണം. ക്ഷേത്രവിശ്വാസങ്ങളിലും ആചാരങ്ങളിലും സർക്കാർ ഇടപെടുന്നതും ശരിയല്ല. ക്ഷേത്രങ്ങൾ അറിവിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങളായി മാറണം. ധ്യാനം, യോഗ എന്നിവ പരിശീലിപ്പിക്കപ്പെടണമെന്നും ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു.
സമിതി സംസ്ഥാന അദ്ധ്യക്ഷൻ പ്രൊഫ. കൃഷ്ണവർമ്മരാജ അദ്ധ്യക്ഷത വഹിച്ചു.
സ്വാമി ചിദാനന്ദപുരി, സ്വാമി ഉദിത് ചൈതന്യ, ഡോ.സി.വി. ആനന്ദബോസ്, ഡോ.എൻ. ഗോപാലകൃഷ്ണൻ, കെ.പി. നീലകണ്ഠൻ, കെ.പി. ശശികല, ടി. നാരായണൻ കുട്ടി, എ.പി. ഭരത്കുമാർ എന്നിവർ സംസാരിച്ചു.