mala

തൃശൂർ: ശബരിമല തീർത്ഥാടനത്തിന്റെ കാര്യത്തിൽ സർക്കാരിന്റെ തെറ്റായ നയം വൻ വിപത്തിനിടയാക്കുമെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗവ്യാപനവുമായി ബന്ധപ്പെട്ട് ക്ഷേത്രം അടച്ചിടുന്ന സാഹചര്യം സൃഷ്ടിക്കരുത്. സർക്കാരും ദേവസ്വവും അനാസ്ഥ കാണിച്ചാൽ രോഗം പടരാൻ ഇടയാകും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഒട്ടേറെ തീർത്ഥാടകർ ഇപ്പോഴും ശബരിമലയിൽ എത്തുന്നുണ്ട്. 60 വയസിന് മുകളിലുള്ളവരായതിനാൽ ബഹുഭൂരിപക്ഷം ഗുരുസ്വാമിമാരും ഇക്കുറി തീർത്ഥാടനം വേണ്ടെന്ന് വച്ചിരിക്കയാണ്. ഗുരുസ്വാമിമാരില്ലാതെ ചിട്ടപ്രകാരം വ്രതമെടുത്ത് കെട്ടുനിറക്കാതെ ശബരിമലയ്ക്ക് പോകുന്നത് ശരിയല്ല. സർക്കാരിന് പണം വരുന്നതിൽ മാത്രമാണ് താത്പര്യം. തിരുവാഭരണഘോഷയാത്രക്കും കാനനപാതയിലൂടെയുള്ള തീർത്ഥാടനത്തിനും വിലക്ക് കല്പിച്ചെങ്കിലും തീർത്ഥാടകരെ നിയന്ത്രിക്കാൻ നടപടിയെടുക്കുന്നില്ല. അനുഷ്ഠാനങ്ങളൊന്നും വേണ്ട, പണം മാത്രം മതിയെന്നാണ് നിലപാടെന്ന് സ്വാമി കുറ്റപ്പെടുത്തി.