election

തൃശൂർ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തൃശൂർ കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, നഗരസഭകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ പുതിയ ഭരണസമിതിയാണ് അധികാരത്തിലേറുക. തൃശൂർ കോർപറേഷനിൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ 11.30ന് കോർപറേഷൻ കൗൺസിൽ ഹാളിൽ നടക്കും. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ പ്രതിനിധിയായ എം.എൽ. റോസിക്ക് വരണാധികാരികാരി കൂടെയായ ജില്ലാ കലക്ടർ എസ് ഷാനവാസ് ആദ്യമായി സത്യവാചകം ചൊല്ലിക്കൊടുക്കും. തുടർന്ന് ഡിവിഷൻ ക്രമ നമ്പർ അനുസരിച്ച് മറ്റ് 53 അംഗങ്ങൾക്ക് എം.എൽ റോസി സത്യവാചകം ചൊല്ലി കൊടുക്കും. 28 ന് രാവിലെ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പും നടക്കും.ജില്ലാ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ പ്രതിനിധിയായ തളിക്കുളം ഡിവിഷൻ അംഗം പി.എം അഹമ്മദിന് വരണാധികാരികാരി കൂടെയായ ജില്ലാ കളക്ടർ എസ് ഷാനവാസ് ആദ്യമായി സത്യവാചകം ചൊല്ലിക്കൊടുക്കും. തുടർന്ന് ക്രമ നമ്പർ അനുസരിച്ച് മറ്റ് 28 ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് പി എം അഹമ്മദ് സത്യവാചകം ചൊല്ലി കൊടുക്കും. ഡിസംബർ 30 ന് രാവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉച്ചക്ക് ശേഷം വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും.