chair

തൃശൂർ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തൃശൂർ കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്, നഗരസഭകൾ,ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ പുതിയ ഭരണസമിതിയാണ് അധികാരമേറ്റത്‌. കോർപ്പറേഷനിൽ കൗൺസിൽ ഹാളിൽ ആയിരുന്നു ചടങ്ങ്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ പ്രതിനിധിയായ എം.എൽ റോസിക്ക് വരണാധികാരികാരി കൂടെയായ ജില്ലാ കളക്ടർ എസ്.ഷാനവാസ് ആദ്യമായി സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ഡിവിഷൻ ക്രമ നമ്പർ അനുസരിച്ച് മറ്റ് 53 അംഗങ്ങൾക്ക് എം.എൽ. റോസി സത്യവാചകം ചൊല്ലി കൊടുത്തു. ഉച്ചയോടെ നടപടികൾ പൂർത്തിയായി ജില്ലാ പഞ്ചായത്തിലെ അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ പ്രതിനിധിയായ തളിക്കുളം ഡിവിഷൻ അംഗം പി.എം അഹമ്മദാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. വരണാധികാരികാരി കൂടെയായ ജില്ലാ കളക്ടർ എസ് ഷാനവാസ് ആദ്യമായി സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ക്രമ നമ്പർ അനുസരിച്ച് മറ്റ് 28 ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് പി.എം അഹമ്മദ് സത്യവാചകം ചൊല്ലി കൊടുത്തു നടപടികൾ പൂർത്തിയാക്കി.


നഗരസഭകൾ


ഇരിങ്ങാലക്കുട

നഗരസഭയിൽ 41 വാർഡുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ മുൻസിപ്പാലിറ്റിയിൽ നടന്നു . മുതിർന്ന അംഗമായ 16ാം വാർഡിലെ ജനപ്രതിനിധി പി.പി. ജോർജ്ജിന് റിട്ടേണിംഗ് ഓഫീസർ ജയശ്രീ (ഡെപ്യൂട്ടി കളക്ടർ എൽ.എ) സത്യവാചകം ചൊല്ലിക്കൊടുക്കും. ശേഷം മറ്റ് അംഗങ്ങൾക്കുള്ള സത്യപ്രതിജ്ഞാ വാചകം പി.പി. ജോർജ്ജ് ചൊല്ലിക്കൊടുത്തു.


വടക്കാഞ്ചേരി

നഗരസഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നഗരസഭ കാര്യാലയത്തിൽ വെച്ച് നടന്നു. മുതിർന്ന അംഗം 3ാം ഡിവിഷൻ പ്രതിനിധി കെ.ടി.ജോയി ആദ്യം ചുമതയേറ്റു.


കൊടുങ്ങല്ലൂർ

നഗരസഭയിൽ 44 വാർഡുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 10ന് നഗരസഭാ ടൗൺ ഹാളിലാണ് നടന്നത്. മുതിർന്ന അംഗവും മുൻ നഗരസഭ ചെയർമാനുമായ കെ.ആർ. ജൈത്രൻ, റിട്ടേണിംഗ് ഓഫീസർ എ.പി. കിരൺ (ഡെപ്യൂട്ടി കളക്ടർ എൽ.ആർ) സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം മറ്റ് അംഗങ്ങൾക്കുള്ള സത്യപ്രതിജ്ഞ കെ.ആർ. ജൈത്രൻ ചൊല്ലിക്കൊടുത്തു.


ചാലക്കുടി

നഗരസഭ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മുതിർന്ന അംഗം റോസി ലാസറിന് വരണാധികാരിയായ ചാലക്കുടി ഡി.എഫ്.ഒ സംബുദ്ധ മജ്യുംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. 36 അംഗങ്ങളാണ് നഗരസഭയിലുള്ളത്.


കുന്നംകുളം

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ആദ്യ കൗൺസിൽ യോഗവും നഗരസഭ ടൗൺ ഹാളിൽ നടന്നു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ പ്രതിനിധിയായ മുൻ നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രന് വരണാധികാരി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.ഡി. സിന്ധു ആദ്യമായി സത്യവാചകം ചൊല്ലിക്കൊടുത്തു. ഒന്നു മുതൽ 36 വരെയുള്ള അംഗങ്ങളാണ് സീതാരവീന്ദ്രൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് പുതിയ കൗൺസിലർമാരായി അധികാരം ഏറ്റത്,​

നഗരസഭാ സെക്രട്ടറി ബി. അനിൽകുമാർ. 28 ന് നടക്കുന്ന ചെയർമാൻ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച അജണ്ട വിശദീകരിച്ചു.


ഗുരുവായൂർ

നഗരസഭ സത്യപ്രതിജ്ഞ രാവിലെ 10ന് നഗരസഭാ ടൗൺ ഹാളിൽ നടന്നു. വിജയിച്ച അംഗങ്ങളിൽ ഏറ്റവും മുതിർന്ന അംഗമായ പ്രൊഫ പി.കെ. ശാന്തകുമാരിക്ക് വരണാധികാരിമേരി ഡെപ്യൂട്ടി കളക്ടർ (റവന്യൂ റിക്കവറി) സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം മറ്റ് അംഗങ്ങൾക്ക് ഈ മുതിർന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു. 28നാണ് ചെയർമാൻ തിരഞ്ഞെടുപ്പ്‌യോഗം നടത്തുക.


ചാവക്കാട്

നഗരസഭ സത്യപ്രതിജ്ഞ രാവിലെ 10ന് ചാവക്കാട് നഗരസഭാ ടൗൺ ഹാളിൽ നടന്നു. രാവിലെ 9ന് കെ.പി വത്സലൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയാണ് എൽ.ഡി.എഫ് കൗൺസിലർമാർ സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളിൽ ഏറ്റവും മുതിർന്ന അംഗമായ അക്ബർ കോനേത്തിന് റിട്ടേണിംഗ് ഓഫീസർ എൻ.കെ. കൃപ സത്യവാചകം ചൊല്ലിക്കൊടുത്തു.