dddd
ക്രിസ്മസിനോടനുബന്ധിച്ച് തൃശൂരിലെ മാംഗോ ബേക്കറിയിൽ ഒരുക്കിയ സ്പെഷൽ കേക്കുകൾ

തൃശൂർ: കൊവിഡ് കാലത്തും വൈവിദ്ധ്യങ്ങളുമായി ക്രിസ്മസിനെ ഇത്തവണ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് കേക്ക് വിപണി. പ്ലം കേക്കുകളിൽ ഉൾപ്പെടെ വൈവിദ്ധ്യം കാട്ടിയാണ് ക്രിസ്മസിനെ വരവേൽക്കുന്നത്. ബേക്കറികൾക്കും സൂപ്പർ മാർക്കറ്റുകൾക്കും പുറമെ വീടുകളിലും ഇപ്പോൾ കേക്ക് നിർമ്മാണം സജീവമാണ്.

ജയ ബേക്കറി, എലൈറ്റ് ബേക്കറി, മാംഗോ ബേക്കറി എന്നിവയാണ് പ്രധാനമായും കേക്ക് നിർമ്മിച്ച് നൽകുന്നത്. ബേക്കറികളിലുണ്ടാക്കുന്ന കേക്ക് വാങ്ങാൻ ഇത്തവണയും സാമാന്യം നല്ല തിരക്കാണ് അനുഭവപ്പെെടുന്നത്. മുൻകൂട്ടി ഓർഡർ നൽകി കേക്ക് വാങ്ങുന്നവരാണ് ഏറെയും. കാരറ്റ്, മാംഗോ, ഡേറ്റ് പുഡിംഗ്, ചക്ക, ബട്ടർ സ്കോച്ച്, പൈനാപ്പിൾ, ബ്ലാക്ക്, വൈറ്റ് ഫോറസ്റ്റ് തുടങ്ങി വിവിധ തരം കേക്കുകളാണ് ഓർഡറനുസരിച്ച് നിർമ്മിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഹാംഗ് ഓവറുള്ളതിനാൽ രാഷ്ട്രീയ പാർട്ടികളുടെ കൊടികളുടേയും ചിഹ്നത്തിന്റെയും രൂപത്തിലുള്ള കേക്കുകൾക്കും ആവശ്യക്കാരേറെയാണ്. ഓർഡർ ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ കേക്ക് തയ്യാറാക്കി നൽകുന്ന സംവിധാനമാണ് പല ബേക്കറികളിലുമുള്ളത്.

കാരറ്റ് കേക്കിനാണ് ആവശ്യക്കാർ കൂടുതൽ. 400 രൂപയാണ് വില. പ്ലം കേക്കുകൾ റിച്ച്, എക്സോട്ടിക്ക് എന്നീ രണ്ട് വിഭാഗങ്ങളിൽ ലഭ്യമാണ്. 600 രൂപയാണ് റിച്ച് പ്ലം കേക്കുകളുടെ വില. എക്സോട്ടിക്കിന് 400 രൂപയാണ് . ക്രിസ്മസ് സീസണായതോടെ പ്രതിദിനം 50ലേറെ കേക്കുകളാണ് ബേക്കറികളിൽ വിറ്റഴിയുന്നത്. ക്രിസ്മസ് ആഘോഷിക്കാൻ റെഡിമെയ്ഡ് കേക്കുകളും സുലഭമാണ്.