wind
.

തൃശൂർ: വീശിയടിക്കുന്ന കാറ്റ് പലയിടത്തും നാശം വിതക്കുന്നു. കാറ്റിൽ മരങ്ങൾ കടപുഴകുന്നതും വീടുകൾക്ക് നാശമുണ്ടാക്കുന്നതും പതിവാകുകയാണ്. നാലു ദിവസത്തോളമായി ജില്ലയിൽ അന്തരീക്ഷം മേഘാവൃതമാണ്. എന്നാൽ മഴയൊട്ടും ഇല്ലതാനും.

കാറ്റ് ശക്തമായതോടെ കർഷകർ ഭീതിയിലാണ്. വിവിധ മേഖലകളിൽ നൂറുകണക്കിന് വാഴകളാണ് നിലംപൊത്തുന്നത്. നെൽകൃഷിക്കും കാറ്റ് ഭീഷണി സൃഷ്ടിക്കുന്നു.

കഴിഞ്ഞ ദിവസം ശക്തമായ കാറ്റിൽ തൃശൂർ നഗരത്തിൽ മൂന്നിടത്താണ് തെങ്ങുകൾ കടപുഴകിയത്. ചിയ്യാരത്തും മുണ്ടുപാലത്തും അശോക് നഗറിലുമാണ് തെങ്ങുകൾ കടപുഴകിയത്. ശക്തമായ കാറ്റിൽ തൃശൂർ വിമല കോളേജിന്റെയും . ജില്ലാ മെഡിക്കൽ ഓഫീസിന്റെയും മേൽക്കൂരയുടെ ഷീറ്റുകൾ ഇളകി. ഫയർഫോഴ്‌സ് എത്തിയാണ് അപകട സ്ഥിതി ഒഴിവാക്കിയത് .പലയിടത്തും റോഡിലേക്ക് മരങ്ങൾ വീണത് മൂലം ഗതാഗത തടസ്സവുമുണ്ടായി. ഫയർഫോഴ്സ് എത്തി മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

വീശിയടിക്കുന്ന കാറ്റ് കൂറ്റൻ പരസ്യ ബോർഡുകൾക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. പൊടിശല്യവും രൂക്ഷമായി. വരും ദിവസങ്ങളിലെങ്കിലും കാറ്റിന്റെ ശക്തി കുറയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.