 
തൃശൂർ: തൃശൂർ കോർപ്പറേഷനിൽ ആരെ പിന്തുണയ്ക്കുമെന്ന തീരുമാനം ഡിസംബർ 24 ന് അറിയിക്കുമെന്ന് കോൺഗ്രസ് വിമതൻ എം.കെ വർഗീസ്. പ്രഥമപരിഗണന എൽ.ഡി.എഫിനാണെന്നും ഇരുമുന്നണികളിൽ നിന്നും സമ്മർദ്ദം ഉണ്ടെന്നും മേയറാവനല്ല താൻ മത്സരിച്ചതെന്നും വർഗീസ് പറഞ്ഞു. ഇരു മുന്നണികൾക്കും കേവല ഭൂരിപക്ഷമില്ലാത്ത തൃശൂർ കോർപ്പറേഷനിൽ എം.കെ വർഗീസെടുക്കുന്ന തീരുമാനം നിർണായകമാണ്. തൃശൂർ കോർപ്പറേഷനിൽ എൽ.ഡി.എഫ്.-24, യു.ഡി.എഫ്-23, എൻ.ഡി.എ- 6 എന്നിങ്ങനെയാണ് കക്ഷിനില. ആദ്യഘട്ടത്തിൽ എൽ.ഡി.എഫിനൊപ്പമെന്ന് പ്രഖ്യാപിച്ച എം.കെ വർഗീസിനെ പാട്ടിലാക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം തന്നെ ചർച്ചകൾക്ക് മുൻകൈ എടുത്തിരുന്നു. എം.കെ വർഗീസ് പിന്തുണച്ചാൽ എൽ.ഡി.എഫിന് തൃശൂർ കോർപ്പറേഷനിൽ തുടർഭരണം നേടാനാകും. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവച്ച പുല്ലഴി ഡിവിഷനിലെ തിരഞ്ഞെെടുപ്പ് ഫലവും ഇരുമുന്നണികൾക്കും നിർണായകമാണ്.