 
പാവറട്ടി: ചേറ്റുവ കോട്ട സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറി ചേറ്റുവ കോട്ടയിലേക്ക് സൈക്കിൾ റാലി സംഘടിപ്പിച്ചു. ഫിറ്റ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായാണ് സൈക്ലോതോൺ സൈക്കിൾ റാലി ദേവസൂര്യ സംഘടിപ്പിച്ചത്. പൗരന്മാർ ആരോഗ്യപരമായ ജീവിതം നയിക്കാനും അവരുടെ ശാരീരിക ക്ഷമത ലക്ഷ്യങ്ങൾ നേടുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ള പരിപാടിയാണ് ഫിറ്റ് ഇന്ത്യ മൂവ്മെന്റ്. സൈക്കിൾ ചവിട്ടുന്നതിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യം കൈവരിക്കുന്നതിനും സന്തോഷകരമായ ജീവിതം നേടിയെടുക്കുന്നതിനും വേണ്ടിയുള്ള ഒരു ബോധവത്കരണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കോട്ടയിലെത്തിയ അംഗങ്ങൾക്ക് കോട്ടയെ കുറിച്ച് പ്രദേശവാസികൂടിയായ നിർമ്മലൻ മാഷ് ക്ലാസ് എടുത്തു. 300 വർഷങ്ങൾക്ക് മുമ്പ് 1714ൽ ഡച്ചുകാരാണ് കൊച്ചി രാജാവിന്റെ സഹായത്തിൽ കോട്ട നിർമ്മിച്ചത്. 5 ഏക്കർ വിസ്തൃതിയിൽ ആയിരുന്നു കോട്ട. ചുറ്റും ആഴത്തിലുള്ള കിടങ്ങും ഉണ്ടായിരുന്നു. തേക്ക് തടികൾ താഴ്ത്തി അതിനു മുകളിലാണ് അസ്ഥിവാരം കെട്ടി ഉയർത്തിയിരിക്കുന്നതെന്ന് പറയപ്പെടുന്നു.12 അടി വീതിയിൽ വെട്ടുകല്ലിൽ നിർമ്മിച്ച കോട്ടമതിൽ പ്രത്യേക കുമ്മായ കൂട്ട് ഉപയോഗിച്ചാണ്നിർമ്മിച്ചിരിക്കുന്നത്.കാടുപിടിച്ച് കാലു കുത്താനാവാത്ത സ്ഥിതിയിലാണ് കോട്ടയുടെ ഇപ്പോഴത്തെ അവസ്ഥ. 2009 ലാണ് കോട്ട സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്തത്. 2018ൽ കോട്ട സംരക്ഷണത്തിന് 1.15 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ലഭിച്ചെങ്കിലും കിടങ്ങിന്റെ പുറം ഭിത്തി കരിങ്കല്ല് ഉപയോഗിച്ച് കെട്ടി, കിടങ്ങിനു കുറുകെ പാലം നിർമ്മിച്ചതും മുഴുവൻ സമയ വാച്ചുമാനെ വച്ചതും കോട്ടയിലേക്ക് പ്രവേശന ഫീസ് 25 രൂപ ആക്കിയതുമൊഴിച്ചാൽ മറ്റ് യാതൊരു പ്രവർത്തിയും നടന്നിട്ടില്ല. സഞ്ചാരികൾക്ക് കയറി കാണാൻ കഴിയുംവിധം കോട്ട പുതുക്കി പണിത് സംരക്ഷിക്കണമെന്ന് ദേവസൂര്യ ആവശ്യപെട്ടു. സൈക്കിൾ റാലി ഗുരുവായൂർ നഗരസഭാ നിയുക്ത കൗൺസിലർ ബിന്ദു അജിത്ത് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ദേവസൂര്യ പ്രസിഡന്റ് എം ജി ഗോകുൽ അദ്ധ്യക്ഷനായി. നെഹ്റു യുവകേന്ദ്ര വാളണ്ടിയർ അനൂപ്, റ്റി കെ സുരേഷ്, റെജി വിളക്കാട്ടുപാടം, ശ്രീരാഗ് കരിപ്പോട്ടിൽ, സ്മിജിതാ സുരേഷ് എന്നിവർ നേതൃത്വം നൽകി.