തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടർ പട്ടിക പുതുക്കൽ കുറ്റമറ്റതാക്കാൻ രാഷ്ട്രീയ പാർട്ടികൾ സഹകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷക ടിങ്കു ബിസ്വാൾ. അനർഹരായവരെ നീക്കം ചെയ്തും അർഹരായവരെയും പുതിയ വോട്ടർമാരെയും ഉൾപ്പെടുത്തിയും തയാറാക്കുന്ന വോട്ടർപട്ടിക സ്വതന്ത്രമായ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനശിലയാണ്. ഓൺലൈനിൽ നടക്കുന്ന പുതുക്കൽ പ്രക്രിയ സംബന്ധിച്ച് സമൂഹത്തിൽ വ്യാപകമായ ബോധവത്ക്കരണം നടത്തണം. ഇതിനായി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ മുന്നിട്ടിറങ്ങണം. അർഹരായ ഒരാൾ പോലും പട്ടികയിൽ നിന്നും പുറത്തു പോകുന്നില്ലെന്ന് കൂട്ടായ പരിശ്രമത്തിലൂടെ ഉറപ്പാക്കണമെന്നും ടിങ്കു ബിസ്വാൾ അഭ്യർത്ഥിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി വോട്ടർ പട്ടിക പുതുക്കൽ സംബന്ധിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംസാരിക്കുകയായിരുന്നു ടിങ്കു ബിസ്വാൾ. വോട്ടർ പട്ടിക പുതുക്കുന്നത് സംബന്ധിച്ചുള്ള ആക്ഷേപങ്ങളും പരാതികളും യോഗം വിലയിരുത്തി. പുതിയ വോട്ടർമാരെ പരമാവധി ഉൾപ്പെടുത്തി പട്ടിക സമഗ്രമാക്കണമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് പറഞ്ഞു. പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉന്നയിച്ച ആക്ഷേപങ്ങളും ആശങ്കകളും കൃത്യമായി വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കും. പട്ടികയിൽ പേരു ചേർക്കുന്നതിനുള്ള തിയതി നീട്ടണമെന്ന രാഷ്ട്രിയ പാർട്ടി പ്രതിനിധികളുടെ ആവശ്യം ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാർശ ചെയ്യുമെന്ന് ടിങ്കു ബിസ്വാൾ പറഞ്ഞു. രണ്ട് മണ്ഡലങ്ങളിൽ പട്ടികയിൽ പേരുകളുള്ളവർ ഏതു മണ്ഡലത്തിലാണ് സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതെന്ന് ഉറപ്പാക്കണം. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് ഇതിനുള്ള നിർദേശം നൽകും. മരണമടഞ്ഞവർ, പ്രായംകൊണ്ട് 18 വയസ് തികയാത്തവർ എന്നിങ്ങനെ അർഹതിയില്ലാത്ത ആരും വോട്ടേഴ്‌സ് ലിസ്റ്റിൽ ഉണ്ടാകരുത്. അതേസമയം അർഹതയുള്ളവർ ഒഴിവാക്കപ്പെടുന്ന സാഹചര്യവുമുണ്ടാകരുത്. നേരത്തെ പട്ടികയിൽ പേരുണ്ടായിരുന്നിട്ടും പിന്നീട് നീക്കം ചെയ്യപ്പെട്ടെന്ന പരാതികൾ ജില്ലാ കളക്ടർക്ക് സമർപ്പിക്കാവുന്നതാണ്. വിവാഹ ശേഷം ഭർത്താവിന്റെ വീടുകളിലേക്ക് മാറിയിട്ടുള്ളവർ, വീടും സ്ഥലവും വില്പന നടത്തി താമസം മാറിയവർ, പുതുതായി എത്തിയ താമസക്കാർ തുടങ്ങിയവരുടെ പേരുകൾ എന്നിവർ ഒന്നിലേറെ മണ്ഡലങ്ങളിൽ വോട്ടർമാരാകുന്നത് ഒഴിവാക്കണം. തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കളക്ടർ യു. ഷീജാ ബീഗം, ജൂനിയർ സൂപ്രണ്ട് ആർ. അശോക് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.വി ദാസൻ, പി. ബാലചന്ദ്രൻ, സെബാസ്റ്റ്യൻ ചൂണ്ടൻ, രവികുമാർ ഉപ്പത്ത്, എം.ജി നാരായണൻ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.