ചേലക്കര :പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആറാമത് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരഞ്ഞെടുപ്പിൽ വിജയിച്ച ബ്ലോക്ക് പരിധിയിലെ 13 ഡിവിഷൻ മെമ്പർമാരുടെ സത്യപ്രതിജ്ഞ ചടങ്ങാണ് രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്തിലെ പപ്പേട്ടൻ സ്മാരക ഹാളിൽ വെച്ച് നടന്നത്. ബ്ലോക്ക് വരണാധികാരിയും തൃശൂർ ജില്ലാ കൃഷി വകുപ്പ് പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസറുമായ മാത്യു ഉമ്മൻ പ്രൊടൈം മെമ്പറായ കെ.പി.ശ്രീജയന് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങൾക്ക് പ്രൊടൈം മെമ്പർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. ഭരണ സമിതിയുടെ ആദ്യയോഗം പ്രൊടൈം മെമ്പറുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷന്മാർ എന്നിവരുടെ തിരഞ്ഞെടുപ്പ് 30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടക്കുമെന്ന് വരണാധികാരി അറിയിച്ചു.