ഗുരുവായൂർ: നഗരസഭയിലേക്ക് തിരഞ്ഞെടുക്കപെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നഗരസഭ ടൗൺ ഹാളിൽ നടന്നു. തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗമായ പ്രൊഫ പി.കെ ശാന്തകുമാരിക്ക് വരണാധികാരി ഡെപ്യൂട്ടി കലക്ടർ (റവന്യു റിക്കവറി) മേരി സത്യ വാചകം ചൊല്ലികൊടുത്തു. തുടർന്ന് മുതിർന്ന അംഗം 42 വാർഡിലെ അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നഗരസഭ കൗൺസിൽ ഹാളിൽ മുതിർന്ന അംഗം പ്രൊഫ പി.കെ ശാന്തകുമാരിയുടെ അദ്ധ്യക്ഷതയിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യ കൗൺസിൽ യോഗം ചേർന്നു. നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിന്റെ നോട്ടീസ് വായിച്ച ശേഷം കക്ഷി നേതാക്കളായ എം.കൃഷ്ണദാസ്, കെ.പി.ഉദയൻ, ശോഭ ഹരിനാരായണൻ എന്നിവർ സംസാരിച്ചു. തുടർന്ന് ആദ്യ കൗൺസിൽ യോഗം അവസാനിച്ചു. ഡിസംബർ 28നാണ് പുതിയ ഭരണസമിതിയുടെ ചെയർമാൻ, വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് നടക്കുക. ചെയർമാൻ തിരഞ്ഞെടുപ്പ് രാവിലെ 11നും വൈസ്‌ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ 2നും നടക്കും.