പാവറട്ടി : ത്രിതല പഞ്ചായത്ത് തി​രഞ്ഞെടുപ്പിൽ മുല്ലശേരിയിൽ ബ്ലോക്ക്, വിവിധ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. . മുല്ലശേരി ബ്ലോക്കിൽ വരണാധികാരി ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ. കെ. ശ്രീലത മുതിർന്ന അംഗമായ കണ്ണോത്ത് ഡിവിഷനിലെ ഗ്രേസി ജേക്കബിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മുതിർന്ന അംഗം ഡിവിഷൻ ക്രമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിൽ തുറന്നവേദിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വരണാധികാരി മുല്ലശേരി സബ്- രജിസ്ട്രാർ കെ.സി. മനോജ് മുതിർന്ന അംഗമായ സോമൻ വെണ്ണേങ്കോട്ടിന് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മുല്ലശ്ശേരിയിൽ ഗ്രാമ പഞ്ചായത്തിന്റെ മുന്നിലെ തുറന്ന സദസിലാണ് സത്യപ്രതിജ്ഞാചടങ്ങ് നടന്നത്. ചാവക്കാട് സബ് രജിസ്ട്രാർ കെ.എ. റസീന മുതിർന്ന അംഗമായ മോഹനൻ വാഴപ്പിള്ളിക്ക് ആദ്യ സത്യവാചകം ചൊല്ലിക്കൊടുത്തു.