
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷനിൽ അടക്കം പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിക്കാത്തതിനെ തുടർന്ന് ബി.ജെ.പി ജില്ലാ കോർ കമ്മിറ്റി യോഗത്തിൽ രൂക്ഷമായ ചർച്ച. കുട്ടൻകുളങ്ങരയിൽ സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ പരാജയപ്പെട്ട സംഭവത്തിൽ ചൂടേറിയ ചർച്ചയാണ് ഉണ്ടായത്. പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷം മുൻ കൗൺസിലർ പരസ്യമായി രംഗത്ത് വന്നത് ആണ് തോൽവിക്ക് പ്രധാന കാരണമെന്ന് ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെട്ടു. മുൻ കൗൺസിലറെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ചില നേതാക്കൾ ഉന്നയിച്ചതായി അറിയുന്നു. ഹൈന്ദവ സംഘടന നേതാവ് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ പല സ്ഥലങ്ങളിലും പരസ്യമായി രംഗത്ത് വന്നതും തിരിച്ചടി ആയി. നിലവിലെ കൗൺസിലർമാരിൽ ഭൂരിഭാഗം പേർക്കും സീറ്റ് നൽകിയപ്പോൾ കുട്ടൻകുളങ്ങരയിൽ സീറ്റ് നിഷേധിച്ചതോടെ ആണ് പ്രശ്നങ്ങൾ ആരംഭിച്ചത്. 2015 ലെ തിരഞ്ഞെടുപ്പിലാണ് ഈ സീറ്റ് ബി.ജെ.പി പിടിച്ചെടുത്തത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ഈ ഡിവിഷനിൽ സുരേഷ് ഗോപിക്ക് 700 ലേറെ വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. അവിടെ ആണ് പാർട്ടിയുടെ സംസ്ഥാന വക്താവ് ദയനീയമായി പരാജയപ്പെട്ടത്. പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ വിമതർ മത്സരിച്ചത് ചർച്ചയായി. ഇവർക്കെതിരെ ശക്തമായ നടപടി എടുക്കാൻ തീരുമാനിച്ചു. കുട്ടൻകുളങ്ങരയിൽ പാർട്ടി സ്ഥാനാർത്ഥി പരാജയപ്പെടാൻ ഇടയായ കാരണം കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകണമെന്ന് അഭിപ്രായം ഉയർന്നു. ഇത് കണ്ടെത്തി നടപടി സ്വീകരിക്കാനും തീരുമാനമായി. ജില്ലയിൽ പ്രധാനമായും അഞ്ചിടങ്ങളിൽ ആണ് പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ വിമതർ മത്സരിച്ചത്. ഇത്തവണ കഴിഞ്ഞ തവണത്തെക്കാൾ 40 ലേറെ സീറ്റുകൾ അധികം നേടിയെങ്കിലും 60 ഓളം സിറ്റിംഗ് സീറ്റുകൾ പാർട്ടിക്ക് നഷ്ടപെട്ടിരുന്നു. മണലൂർ മണ്ഡലത്തിൽ ഏതാനും സീറ്റുകളിൽ വിമതർ വിജയിക്കുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, സംസ്ഥാന ഭാരവാഹികളായ എ. നാഗേഷ്, എം.എസ്. സമ്പൂർണ, ഷാജുമോൻ വട്ടേക്കാട്, അഡ്വ. ഉല്ലാസ് ബാബു, കെ.എസ്. ഹരി, വി.ഉണ്ണികൃഷ്ണൻ, കാശി നാഥൻ തുടങ്ങി മുതിർന്ന നേതാക്കൾ എല്ലാവരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിനിടെ ബി. ഗോപാലകൃഷ്ണനെതിരെ തന്നെയും കുടുംബത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ച് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി കേശവദാസ് പൊലീസിൽ പരാതി നൽകിയതും ചർച്ചവിഷയം ആയിട്ടുണ്ട്.