
കയ്പമംഗലം: ഒരു പതിറ്റാണ്ടിലേറെയായി സമ്മിശ്ര കൃഷിയെ ജീവനോപാധിയാക്കിയ കർഷകക്ക് ഇക്കുറി മധുരക്കിഴങ്ങ് കൃഷിയിലും മികച്ച വിളവ്. സംസ്ഥാന കർഷക അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മതിലകം സ്വദേശി ബീന സഹദേവനാണ് മധുരക്കിഴങ്ങ് കൃഷിയിൽ മികച്ച നേട്ടം സ്വന്തമാക്കിയത്. മതിലകം പന്ത്രണ്ടാം വാർഡിലെ അനുഗ്രഹ ജെ.എൽ.ജി.ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ബീന സഹദേവൻ മധുരക്കിഴങ്ങ് കൃഷി ആരംഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലാളികൾ നിലമൊരുക്കി നൽകി.
രണ്ടിടങ്ങളിലായി 80 സെന്റ് സ്ഥലത്താണ് മൂന്ന് മാസം മുമ്പ് കിഴങ്ങ് വള്ളികൾ നട്ടത്. അടിവളമായി ആട്ടിൻ കാഷ്ഠവും കോഴി കാഷ്ഠവും കപ്പലണ്ടി പിണ്ണാക്കും ചേർന്ന് നൽകി. അനുഗ്രഹ ഗ്രൂപ്പ് അംഗമായ ഗീതാ ബാവുണ്ണി കൃഷിയെ പരിചരിക്കാൻ ബീനയോടൊപ്പം സദാസമയവും ഒപ്പമുണ്ടായിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോൾ 500 കിലോയോളം വിളവ് ലഭിച്ചു. മതിലകം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജ്യോതി.പി.ബിന്ദു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മാലതി സുബ്രഹ്മണ്യൻ, മുൻ മെമ്പർ കെ.വി.അജിത്ത് കുമാർ, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥരായ ബാദുഷ, കൃഷ്ണവേണി, സന, ഷീബ പ്രസാദ് തുടങ്ങിയവരും പങ്കെടുത്തു.2007 മുതൽ സമ്മിശ്ര കൃഷിയിൽ സജീവമായി രംഗത്തുള്ള ബീന സഹദേവൻ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്.
സംസ്ഥാന സർക്കാറിന്റെ ആറ് പുരസ്കാരങ്ങളും നേടിയിട്ടുണ്ട്