തൃശൂർ: അലഞ്ഞ് തിരിയുന്ന കന്നുകാലികൾ തൃശൂർ നഗരത്തിന്റെ ശാപമായി മാറുന്നു. അലഞ്ഞ് തിരിയുന്ന കന്നുകാലികൾ പലപ്പോഴും നഗരത്തിൽ ഗതാഗത കുരുക്കിനും കാരണമാകാറുണ്ട്. രാപ്പകൽ വ്യത്യാസമില്ലാതെ അലഞ്ഞ് തിരിയുന്ന കന്നുകാലികൾ വാഹനങ്ങളും മറ്റ് സാമഗ്രികളും നശിപ്പിക്കുന്നത് പതിവാകുകയാണ്.

തൃശൂർ തേക്കിൻകാട് മൈതാനമാണ് ഇവയുടെ സ്ഥിരം താവളം. ഇതിന് പുറമെ പാറമേക്കാവ് ക്ഷേത്രത്തിന് മുൻവശം, തൃശൂർ കോർപ്പറേഷൻ ഓഫീസിന് മുൻവശം എന്നിവിടങ്ങളിലും കന്നുകാലികൾ തമ്പടിക്കാറുണ്ട്. പച്ചക്കറി, പഴക്കടകൾ, ഹോട്ടലുകൾ എന്നിവയുടെ സമീപങ്ങളിലും ഇവ തമ്പടിക്കാറുണ്ട്. പുലർകാല സമയങ്ങളിലും രാത്രി സമയങ്ങളിലും റോഡിൽ അലക്ഷ്യമായി കന്നുകാലികൾ കിടക്കുന്നത് പലപ്പോഴും ഗതാഗത തടസത്തിനും വാഹന അപകടങ്ങൾക്കും കാരണമാകാറുണ്ട്.ലോക്ക് ഡൗൺ സമയത്ത് ഇവയ്ക്ക് സന്നദ്ധ സംഘടനകളും കോർപ്പറേഷനും ഭക്ഷണം എത്തിച്ചു നൽകുമായിരുന്നു. നഗരത്തിൽ അലഞ്ഞ് തിരിയുന്ന കന്നുകാലികൾ മൂലം കൂടുതൽ ദുരിതത്തിലാകുന്നത് വാഹന യാത്രികരാണ്. അലഞ്ഞ് തിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടാനും അവയെ സംരക്ഷിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

പദ്ധതി സ്വഹ

അലഞ്ഞ് തിരിയുന്ന കന്നുകാലികളുടെ ഉടമസ്ഥാവകാശം ആർക്കുമില്ലാത്തതിനാൽ ഇവയെ ആരും നിയന്ത്രിക്കാനില്ലാത്ത സ്ഥിതിയാണ്. തൃശൂർ കോർപ്പറേഷൻ നേരത്തെ ഇവയെ പരിപാലിക്കാനായി പദ്ധതി തയ്യാറാക്കിയെങ്കിലും പിന്നീടത് തടസപ്പെടുകയായിരുന്നു.

കന്നുകാലികൾ മൂലം അപകടം പെരുകുന്നു

തൃശൂർ നഗരത്തിൽ കന്നുകാലികൾ മൂലമുണ്ടാകുന്ന അപകടം പെരുകുകയാണ്. തിങ്കളാഴ്ച വൈകീട്ട് കാളക്കൂറ്റൻ മാർ തമ്മിൽ നടുറോഡിൽ കൊമ്പ് കോർക്കുകയും യാത്രക്കാരുമായി പോയ ഒരു ഓട്ടോറിക്ഷ കുത്തിമറിച്ചിടുകയും ചെയ്തിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്കേറ്റിരുന്നു. ദിവസങ്ങൾക്ക് മുമ്പ് തൃശൂർ കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ കന്നുകാലികളുടെ ഏറ്റുമുട്ടലിനിടെ വൃദ്ധർക്ക് പരിക്കേറ്റിരുന്നു.