ashitha

മാള: ക്രിസ്മസ് കാലമായതോടെ അഷിതയുടെ കേക്ക് ജീവിതത്തിന് ഇരട്ടിമധുരം. ആവശ്യക്കാർ ഏറെ. പഠനം തൽക്കാലം മാറ്റിവച്ച് ജീവിതമാർഗം കണ്ടെത്തിയതിന്റെ ആനന്ദം കൂടിയുണ്ട് ആ പുഞ്ചിരിക്ക്. ഇളന്തിക്കര മറ്റപ്പിള്ളി പരേതനായ ഷൈന്റെയും ബിജുവിന്റെയും മകൾ അഷിത ഇപ്പോൾ ഒരു ദിവസം 5,000 രൂപയുടെ കേക്കുകളാണ് നിർമ്മിച്ചു വില്ക്കുന്നത്. മാസം 40,​000 ത്തോളം രൂപ ലാഭം. വാങ്ങുന്നവർക്കും ലാഭമുണ്ട്. കടയിലെക്കാൾ 15 ശതമാനം വിലകുറച്ച് കിട്ടും.

ബി.കോം കഴിഞ്ഞ് ജോലിക്കായുള്ള പരിശീലനക്ലാസിൽ പോയിക്കൊണ്ടിരിക്കെയാണ് ലോക്ക്ഡൗൺ വന്നത്. ക്‌ളാസിൽ പോകാതെ വീട്ടിലിരുന്നപ്പോൾ കഴിക്കാൻ ഒരു കേക്ക് ഉണ്ടാക്കി. അമ്മയ്ക്കും ചേട്ടനും അതിഷ്ടമായി. വേറൊരെണ്ണം ബന്ധുക്കൾക്കുവേണ്ടി നിർമ്മിച്ചു. അവരും പ്രോത്സാഹിപ്പിച്ചതോടെ ആവേശമായി. അക്ഷയയിൽ പോയി ലൈസൻസിന് അപേക്ഷിച്ചു. ദിവസങ്ങൾക്കകം ലൈസൻസ് കിട്ടി. അമ്മയിൽ നിന്ന് 15,000 രൂപ കടംവാങ്ങി സാധനങ്ങൾ വാങ്ങി. 12 വർഷം മുപ് അച്ഛൻ മരിച്ച ശേഷം ഇളന്തിക്കര ഹൈസ്‌കൂളിൽ ഓഫീസ് അസിസ്റ്റന്റായ അമ്മ ബിജുവിന്റെ പിന്തുണയാണ് എല്ലാത്തിനും കൂട്ട്.

ലാഭം കൊണ്ട് ഒരു സ്‌കൂട്ടറും മൊബൈലും വാങ്ങി. ഈ വണ്ടിയിലാണ് ഓഡർ അനുസരിച്ച് കേക്ക് എത്തിച്ചുകൊടുക്കുന്നത്. സ്വന്തമായി തുടങ്ങിയ 'അറ്റ് ഷീ ബേക്ക്' എന്ന യൂട്യൂബ് ചാനലിൽ കേക്ക് അലങ്കരിക്കുന്നതിന്റെ വീഡിയോ ചെയ്യുന്നുണ്ട്. അതിന്റെ കാമറ, എഡിറ്റിംഗ്, അവതരണം എല്ലാം തനിച്ചാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ റെക്കാഡ് ചെയ്തും ആഴ്ചയിൽ ലൈവായും യൂട്യൂബ് ചാനലിൽ വരും. 25,000 ത്തോളം പേരാണ് ചാനൽ സബ്സ്ക്രൈബ് ചെയ്തത്. സംശയങ്ങൾക്ക് മറുപടി നൽകുന്നതാണ് ലൈവിൽ ചെയ്യുന്നത്. ശരാശരി രണ്ട് മണിക്കൂർ എടുത്താണ് ഒരു കേക്ക് നിർമ്മിച്ച് അലങ്കരിക്കുന്നത്.

വില 270 മുതൽ 1300 രൂപ വരെ

1500 രൂപ നൽകി വാങ്ങിയ ബീറ്റർ മാത്രമാണ് ഉപകരണമായി ഉള്ളത്. 270 മുതൽ 1300 രൂപ വരെയുള്ള കേക്കുകളാണ് ഉണ്ടാക്കുന്നത്. ഓർഡർ കൂടുതൽ ഉള്ളപ്പോൾ പലപ്പോഴും നാല് മണിക്കൂറാണ് ഉറങ്ങാൻ കഴിയുന്നത്.