കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭയുടെ പുതിയ കൗൺസിലിൽ ബേബിയായി ജിനി നിധിൻ. ഇരുപത്തിയേഴു വയസുകാരിയായ ജിനി നിധിൻ തന്റെ പിറന്നാൾ ദിനത്തിലാണ് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജിനി അഞ്ചപ്പാലം വാർഡിൽ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ നഗരസഭാ കൗൺസിലിൽ ഒരുഅദ്ധ്യാപികയും രണ്ട് അഭിഭാഷകരും ഉണ്ട്. നിയുക്ത ചെയർപേഴ്സണും സി.പി.ഐ അംഗവുമായ ഷിനിജയാണ് കൗൺസിലിലെ അദ്ധ്യാപിക. സി.പി.ഐ അംഗം വി.എസ് ദിനൽ, ബി.ജെ.പി അംഗം ഡി.ടി വെങ്കിടേശ്വരൻ എന്നിവർ അഭിഭാഷകരുമാണ്. കോൺഗ്രസ് അംഗം വി.എം ജോണി, സി.പി.എം അംഗം ലത ഉണ്ണികൃഷ്ണൻ, ബി.ജെ.പി അംഗം ശാലിനി വെങ്കിടേഷ് എന്നിവർ ഇത് മൂന്നാം തവണയാണ് കൗൺസിലിൽ എത്തുന്നത്. മുൻ നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ, ബി.ജെ.പി നേതാക്കളായ ഒ.എൻ ജയദേവൻ, ടി.എസ് സജീവൻ, ഡി.ടി വെങ്കിടേശ്വരൻ, സി പി എം നേതാവ് കെ.എസ് കൈസാബ്, സി പി ഐ അംഗം വി.ബി രതീഷ്, സി പി എം അംഗങ്ങളായ പി.എൻ വിനയചന്ദ്രൻ, അലീമ റഷീദ്, ബി.ജെ.പി അംഗങ്ങളായ രശ്മി ബാബു, സ്മിത ആനന്ദൻ, റിജി ജോഷി, പാർവ്വതി സുകുമാരൻ, രേഖ സൽപ്രകാശ് എന്നിവർ രണ്ടാം വട്ടമാണ് നഗരസഭാ കൗൺസിലർ പദവിയിലെത്തുന്നത്. കൗൺസിലിൽ പുതുമുഖങ്ങൾക്കാണ് ഭൂരിപക്ഷം.നാൽപ്പത്തിനാലംഗ കൗൺസിലിൽ ഇരുപത്തിയെട്ട് പേർ തുടക്കക്കാരാണ്.