education

തൃശൂർ: കൊവിഡിനെ തുടർന്ന് ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് ചുരുങ്ങേടി വന്ന വിദ്യാർത്ഥികൾ അർദ്ധ വാർഷിക പരീക്ഷകൾ പോലും ഇല്ലാതെ അവസാന ഘട്ടത്തിലേക്ക് കടന്നു. വാർഷിക പരീക്ഷ സംബന്ധിച്ചും ഇതു വരെ തീരുമാനം ഉണ്ടായിട്ടില്ല. ഒന്ന് മുതൽ 9 വരെ ഉള്ള വിദ്യാർത്ഥികളുടെ രണ്ടാം പാദ പാഠഭാഗങ്ങൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. അവസാന ഭാഗത്തിനുള്ള പുസ്തകങ്ങളുടെ വിതരണം നടന്നു വരികയാണ്. അതോടൊപ്പം സ്കൂളുകൾ തുറക്കുന്നില്ലെങ്കിലും സൗജന്യ യൂണിഫോം വിതരണം നടക്കുന്നുണ്ട്. ക്രിസ്മസ് വെക്കേഷൻ കഴിഞ്ഞാൽ അവസാന ഭാഗത്തിലേക്കുള്ള ക്ലാസുകൾ ആരംഭിക്കും. വിദ്യാർത്ഥികൾക്ക് അർദ്ധ വാർഷിക പരീക്ഷകൾക്ക് പകരം അദ്ധ്യാപകർ ഓൺലൈനിലൂടെ നടത്തുന്ന ക്ലാസ് ടെസ്റ്റുകൾ മാത്രമാണുള്ളത്. എന്നാൽ ചില സ്കൂളുകളിൽ പാഠ ഭാഗം പൂർത്തിയാക്കുക മാത്രമാണ് നടക്കുന്നത്.സർക്കാർ സ്കൂളുകളിൽ പലരും വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

സ്വകാര്യ ട്യൂഷൻ

ഭൂരിഭാഗം പേരും സർക്കാർ ചാനലിലെ പഠനത്തിന് പകരം സ്വകാര്യ ട്യൂഷനെയാണ് ആശ്രയിക്കുന്നത്. അതേ സമയം ഇംഗ്ലീഷ് മിഡിയം, സി.ബി.എസ്.ഇ സ്കൂളുകളിൽ കർശനമായ രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടന്നു വരുന്നു. യൂണിഫോം ധരിച്ചു എല്ലാ ദിവസവും ക്ലാസിൽ ഇരിക്കണം എന്ന നിബന്ധനകൾ വരെ ഉണ്ട്.

സൗജന്യ കോച്ചിങ്

എസ്.എസ്.എൽ.സി പരീക്ഷ മുൻ നിർത്തി ജില്ലയിലെ പല ഭാഗങ്ങളിലും വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ സൗജന്യ കോച്ചിങ് ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിലെ ചോദ്യ പേപ്പർ അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ നടത്തുന്നത്.