തൃശൂർ: ജില്ലയിൽ എക്‌സൈസ് വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് സർക്കാർ ആശുപത്രികളിലേയ്ക്ക് 1900 ലിറ്റർ സാനിറ്റൈസർ ലഭ്യമാക്കി. ജില്ലാ മെഡിക്കൽ ഓഫീസർ കെ ജെ റീനയുടെ ശുപാർശ പ്രകാരം കഴിഞ്ഞ ഓണക്കാലത്ത് ജില്ലാ എക്‌സൈസ് വകുപ്പിന്റെ കീഴിൽ നടന്ന സ്‌പെഷ്യൽ ഡ്രൈവിൽ പിടിച്ചെടുത്ത 1500 ലിറ്റർ സ്പിരിറ്റാണ് കോടതി നടപടികൾക്ക് ശേഷം സാനിറ്റൈസറാക്കി ലഭ്യമാക്കിയത്. സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട, തൃശൂർ എക്‌സൈസ് റേഞ്ചിൽ നിന്നും പിടിച്ചെടുത്ത 1500 ലിറ്റർ സ്പിരിറ്റിനെ കുട്ടനെല്ലൂരുള്ള സ്വകാര്യ ഫാർമസ്യൂട്ടിക്കൽസിന്റെ സാങ്കേതിക സഹായത്തോടെ 1900 ലിറ്റർ സാനിറ്റൈസറാക്കിയാണ് ആശുപത്രികൾക്ക് വിതരണം ചെയ്തു. എക്‌സൈസ് വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത സഹകരണത്തോടെ ജില്ലയിലെ ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, പ്രാഥമികാരോഗ്യകേന്ദ്രം, കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ, പരിശോധനാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കാണ് സാനിറ്റൈസർ എത്തിച്ചത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ കെ പ്രദീപ് കുമാർ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ കെ എൻ സതീശ്, എക്‌സൈസ് വിമുക്തി കോർഡിനേറ്റർ കെ കെ രാജു, ടെക്‌നിക്കൽ അസിസ്റ്റന്റുമാരായ പി കെ രാജു, റെജി ജിയോ തോമസ് എന്നിവർ നേതൃത്വം നൽകി.