 
പുതുക്കാട്: ജനുവരി ഒന്നു മുതൽ രാജ്യത്തെ ടോൾ പ്ലാസകളിൽ ഫാസ് ടാഗ് നിർബ്ബന്ധമാക്കുന്നതോടെ പാലിയേക്കര ടോളിൽ തദ്ദേശീയർക്ക് അനുവദിച്ചിട്ടുള്ള സൗജന്യ യാത്ര സൗകര്യം ഇല്ലാതാകും. പാലിയേക്കരയിൽ ടോൾ പിരിവ് ആരംഭിച്ചപ്പോൾ തദേശിയരുടെ എതിർപ്പ് കുറക്കാനാണ് അന്നത്തെ യു.ഡി.എഫ് സർക്കാർ ടോൾ പ്ലാസക്ക് 10 കി.മീറ്റർ ചുറ്റളവിലുള്ളവരുടെ വാഹനങ്ങൾക്ക് സൗജന്യ യാത്രക്കുള്ള പാസ് അനുവദിച്ചത്.44,000 വാഹനങ്ങൾക്കാണ് സൗജന്യ പാസ് അനുവദിച്ചിട്ടുള്ളത്. സൗജന്യ പാസ് ഒന്നിന് 150 രൂപ വീതം ടോൾ കമ്പനിക്ക് സംസ്ഥാന സർക്കാർ നൽകണമെന്നതാണ് കരാർ .എന്നാൽ സംസ്ഥാന സർക്കാർ ഈ ഇനത്തിൽ കോടികൾ ടോൾകമ്പനിക്ക് നൽകാനുണ്ട് .രണ്ട് വർഷമായി തദ്ദേശിയരുടെ പുതിയ വാഹനങ്ങൾക്ക് സൗജന്യ യാത്രക്കുള്ള പാസ് ടോൾ കമ്പനി നൽകുന്നില്ല. തദേശ വാസികളുടെ സൗജന്യ യാത്ര വിഷയത്തിൽ സൗജന്യം തുടരണമെന്നാവശ്യപെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്ത് അയച്ചതായി പറയുന്നു.എന്നാൽ ഇക്കാര്യതിൽ കേന്ദ്ര സർക്കാർ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. സൗജന്യ യാത്ര വിഷയത്തിൽ ഹൈക്കോടതിയുടെപരിഗണനയിലുള്ള ഹർജിയിലും ഇതുവരെ തീർപ്പുണ്ടായിട്ടില്ല.പുതുക്കാട്, ഒല്ലൂർ എന്നീ നിയോജകമണ്ഡലങ്ങളിലെ വാഹന ഉടമകളെയാണ് ഈ പ്രശ്‌നം സാരമായി ബാധിക്കുന്നത്. കൂടാതെ തൃശൂർ ,നാട്ടിക ,ഇരിങ്ങാലക്കുട,ചാലക്കുടി എന്നീ നിയോജകമണ്ഡലങ്ങളിലെ വാഹന ഉടമകളെയും ബാധിക്കും.
ജനുവരി ഒന്നു മുതൽ ഫാസ് ടാഗ് നിർബന്ധം
ജനുവരി ഒന്നു മുതൽ ഫാസ് ടാഗില്ലാത്ത വാഹനങ്ങൾ ടോൾ പ്ലാസയിലൂടെ കടന്നു വന്നാൽ ഇരട്ടി തുക വസൂലാക്കാൻ കമ്പനിക്ക് അധികാരം ഉണ്ടാകും.ജനുവരി ഒന്നിന് മുമ്പ് രാജ്യത്തെ മുഴുവൻ വാഹനങ്ങളും ഫാസ് ടാഗ് എടുക്കണമെന്ന് ദേശീയ പാത അതോററ്റി ആവശ്യപ്പെട്ടിരുന്നു. ഫാസ് ടാഗ് നിർബന്ധമാക്കുന്നത്, മുമ്പ് രണ്ട് തവന്ന നീട്ടിയതാണ് .ഇനി ഇക്കാര്യത്തിൽ മാറ്റമില്ലന്നാണ് ദേശീയ പാത അതോററ്റിയുടെ നിലപാട്.
സർക്കാർ അടിയന്തിരതീരുമാനം കൈക്കൊള്ളണം
തദേശീയരുടെ സൗജന്യ യാത്ര കാര്യത്തിൽ ജനുവരി 1 ന് മുൻപ് സർക്കാർ തീരുമാനമുണ്ടായില്ലെങ്കിൽ ലഭിച്ചു കൊണ്ടിരിക്കുന്ന സൗജന്യം നഷ്ടപ്പെടുമെന്നും ആയതുകൊണ്ട് ഈകാര്യത്തിൽ സർക്കാർ അടിയന്തിരതീരുമാനം കൈക്കൊള്ളണമെന്നും ജില്ലാ പഞ്ചായത്ത് അംഗവും, ഡി.സി.സി വൈസ് പ്രസിഡന്റുമായ,അഡ്വ. ജോസഫ് ടാജറ്റ്
ആവശ്യപെട്ടു.ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി,ജി സുധാകരനും,സ്ഥലം എംഎൽഎയും മന്ത്രിയുമായ സി.രവീന്ദ്രനാഥ്, ചീഫ് വിപ്പും ഒല്ലൂർ എം.എൽ.എയുമായ കെ.രാജൻ എന്നിവർക്ക് കത്ത് നൽകിയതായി അഡ്വ. ജോസഫ് ടാജറ്റ് അറിയിച്ചു.
അഡ്വ. ജോസഫ് ടാജറ്റ്