online-money-cheating

തൃശൂർ: ബി.എസ്.എൻ.എല്ലിന്റെ ഡ്യൂപ്ളിക്കേറ്റ് സിംകാർഡ് ഉപയോഗിച്ച് എഴുത്തുകാരി സാറാ ജോസഫിന്റെ മരുമകനായ എൻജിനിയർ പി.കെ. ശ്രീനിവാസന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു 20 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന് പരാതി. സ്വകാര്യ ബാങ്കിന്റെ അക്കൗണ്ടിൽ നിന്നാണ് കഴിഞ്ഞ ശനിയാഴ്ച അഞ്ചു തവണകളായി 20,25,000 രൂപ തട്ടിയത്. സിം നമ്പരിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ്. കഴിഞ്ഞ വെള്ളിയാഴ്ച തളിപ്പറമ്പിലായിരുന്ന ശ്രീനിവാസന്റെ പോസ്റ്റ് പെയ്ഡ് ഫോൺനമ്പർ പ്രവർത്തനരഹിതമായിരുന്നു.

ശ്രീനിവാസന്റെ ആധാർ കാർഡിൽ മറ്റൊരാളുടെ ഫോട്ടോ പതിച്ച് ആലുവയിലെ ബി.എസ്.എൻ.എൽ ഓഫീസിൽ നിന്നാണ്

തട്ടിപ്പ് സംഘം സിം കാർഡ് എടുത്തതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഡ്യൂപ്ളിക്കേറ്റ് എടുത്ത സംഘം ഉടൻ സിം പോർട്ട് ചെയ്ത് ജിയോയിലേക്ക് മാറ്റിയിരുന്നു.

എന്നാൽ അക്കൗണ്ടിന്റെ ഓൺലൈൻ യൂസർനെയിമും പാസ്‌വേർഡും എങ്ങനെ തട്ടിപ്പുസംഘത്തിനു കിട്ടിയെന്ന് ഇനിയും വ്യക്തമല്ല. പണം പോയിട്ടുള്ളത് പശ്ചിമബംഗാളിലെ സ്വകാര്യ ബാങ്കിലെ അക്കൗണ്ട് ഉടമയുടെ പക്കലാണ്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 5.08 ന് ആദ്യം 5,50,000 രൂപ ഓൺലൈൻ വഴി പിൻവലിച്ചു. 5.10ന് 4,50,000 രൂപ, 5.13ന് 2,00,000, രാവിലെ 7.01ന് 4,25,000, 7.03ന് 4,00,000 എന്നിങ്ങനെയാണ് പണം പിൻവലിച്ചത്.

തൃശൂർ മുളങ്കുന്നത്തുകാവ് കിള്ളന്നൂർ അൻപ് എന്ന വിലാസത്തിലാണ് ശ്രിനിവാസന്റെ പേരിലുള്ള ആധാർകാർഡ് വ്യാജമായി നിർമിച്ചത്. തൃശൂർ സിറ്റി സൈബർ സെൽ കേസെടുത്ത് അന്വേഷണം തുടങ്ങി. ഡ്യൂപ്ലിക്കേറ്റ് സിം അനുവദിക്കുമ്പോൾ കൃത്യമായ പരിശോധനയുണ്ടായില്ലെന്ന് ശ്രീനിവാസൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

സാറാ ജോസഫിന്റെ മകളും എഴുത്തുകാരിയുമായ സംഗീതയുടെ ഭർത്താവാണ് ശ്രീനിവാസൻ. ബാങ്കിന്റെ നടപടികളെ സാറാ ജോസഫും വിമർശിച്ചു. ദിവസങ്ങൾക്ക് മുമ്പ് ആമ്പല്ലൂരിലെ ചിട്ടിക്കമ്പനി മാനേജരുടെ മൊബൈൽ സിംകാർഡ് വ്യാജൻ ഉപയോഗിച്ചും ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു.

 പിന്നിൽ വൻ സംഘം

മുൻനിര സാങ്കേതികവിദ്യയിൽ ഇറങ്ങുന്ന വിലകൂടിയ ഫോണുകൾ ഉപയോഗിച്ചാണ് സംഘം ഓൺലൈൻ തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പിന് പ്രത്യേകം സോഫ്ട്‌വെയറുകളും ഉപയോഗിക്കാറുണ്ട്.ബോദ്ധ്യമില്ലാത്ത കാര്യത്തിന് ഒ.ടി.പി. ആവശ്യപ്പെട്ട് വരുന്ന കാളുകൾക്കോ സന്ദേശങ്ങൾക്കോ മറുപടി കൊടുക്കാതിരിക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു.