പുതുക്കാട്: താലൂക്ക് ആശുപത്രിയുടെ പുറകിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർകത്തിച്ചു. അരണാട്ടുകരക്കാരൻ പരേതനായ ആന്റുവിന്റെ ഭാര്യ ഷീബയുടെ കാറാണ് കത്തിച്ചത്. ഇന്നലെ പുലർച്ചെ4.30 ഓടെയാണ് സംഭവം. വീടിന്റെ മുൻവശത്ത് ഇരുചക്രവാഹനത്തിന്റെ ശബ്ദം കേട്ട് ഉണർന്ന ഷീബ പുറത്തേക്ക് നോക്കിയപ്പോൾ ഗേറ്റിനുള്ളിലൂടെ കാറിലേക്ക് ഒരാൾ എന്തോ ഒഴിക്കുന്നതും കാർ കത്തിക്കുന്നതുമാണ് കണ്ടത്. തുടർന്ന് ഇയാൾ ഇരുചക്രവാഹനത്തിൽ തന്നെ രക്ഷപെട്ടു. ഷീബയും മകളും മാത്രമേ ഈ സമയം വീട്ടിലുണ്ടായിരുന്നുള്ളൂ. വ്യക്തി വൈരാഗ്യമാകാം സംഭവത്തിന് കാരണമെന്ന് കരുതുന്നതായും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും പുതുക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ,ടി.എൻ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.