trissur-corperation

തൃശൂർ: തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് വിമതൻ എം.കെ വർഗീസ് ഇന്ന് തന്റെ നിലപാട് വ്യക്തമാക്കും. ഇന്ന് നടക്കുന്ന എൽ.ഡി.എഫ് യോഗത്തിന് ശേഷമാകും വർഗീസിന്റെ നിലപാട് പ്രഖ്യാപനം.

ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തൃശൂർ കോർപ്പറേഷനിൽ എം.കെ വർഗീസിന്റെ പ്രഖ്യാപനം ഇരുമുന്നണികളും പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.

55 അംഗ കോർപ്പറേഷനിൽ എൽ.ഡി.എഫ്- 24, യു.ഡി.എഫ്-23, എൻ.ഡി.എ-06, കോൺഗ്രസ് വിമതൻ (സ്വതന്ത്രൻ) - 1 എന്നിങ്ങനെയാണ് ‌കക്ഷിനില.

സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്ന് മാറ്റിവെച്ച പുല്ലഴി ഡിവിഷനിൽ തിരഞ്ഞെടുപ്പ് നടക്കാനുമുണ്ട്. ഈ ഡിവിഷനിൽ ഇരുമുന്നണികളും പ്രതീക്ഷ പുലർത്തുന്നുണ്ടെങ്കിലും 28ന് മേയർ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കോൺഗ്രസ് വിമതന്റെ പിന്തുണ ഇരുകൂട്ടർക്കും അനിവാര്യമാണ്.ആദ്യഘട്ടത്തിൽ എൽ.ഡി.എഫിനൊപ്പമെന്ന് പ്രഖ്യാപിച്ച എം.കെ വർഗീസിനെ പാട്ടിലാക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം തന്നെ ചർച്ചകൾക്ക് മുൻകൈ എടുത്തിരുന്നു. ഇപ്പോഴും വർഗീസിനെ പാട്ടിലാക്കാനുള്ള ശ്രമം കോൺഗ്രസ് തുടരുന്നുണ്ട്.

മേയർ സ്ഥാനം ലഭിക്കുമോ?

പ്രഥമപരിഗണന എൽ.ഡി.എഫിനാണെന്നും ഇരുമുന്നണികളിൽ നിന്നും സമ്മർദ്ദം ഉണ്ടെന്നും സത്യപ്രതിജ്ഞാ വേളയിൽ എം.കെ വർഗീസ് പറഞ്ഞിരുന്നു. ആദ്യത്തെ രണ്ട് വർഷം മേയർ സ്ഥാനം എം.കെ വർഗീസിന് നൽകാൻ എൽ.ഡി.എഫിൽ തത്വത്തിൽ ധാരണയായതായാണ് ലഭ്യമാകുന്ന സൂചന. ഡെപ്യൂട്ടി മേയർ സ്ഥാനം സി.പി.ഐക്ക് നൽകും. അതിന് ശേഷം മേയർ സ്ഥാനം സി.പി.എം ഏറ്റെടുക്കും.

വർഗീസിന് മേയർ സ്ഥാനം നൽകാനുള്ള നീക്കത്തിൽ എൽ.ഡി.എഫ് ഘടകകക്ഷികൾക്കും ഭിന്നാഭിപ്രായമില്ല. എന്നാൽ വർഗീസ് 5 വർഷം മേയർ സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം.

എൽ.ഡി.എഫ് യോഗം ഇന്ന്

ഇന്ന് നടക്കുന്ന എൽ.ഡി.എഫ് യോഗത്തിലെ ചർച്ചകൾക്ക് ശേഷമാകും അന്തിമ തീരുമാനം. വർഗീസിന്റെ പിന്തുണ ലഭ്യമായാൽ എൽ.ഡി.എഫിന് തൃശൂർ കോർപ്പറേഷനിൽ തുടർ ഭരണം സാധ്യമാകും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ സ്ഥാനങ്ങൾ സംബന്ധിച്ചും എൽ.ഡി.എഫ് യോഗം ഇന്ന് തീരുമാനമെടുക്കും.

ടി.എൻ പ്രതാപൻ, എം.പി വിൻസെന്റ് എന്നിവരുടെ നേത്വത്തിലാണ് ചർച്ചകൾ. ഇടതുപക്ഷത്ത് നിന്ന് 2 പേരെ പാളയത്തിലെത്തിക്കാനുള്ള നീക്കവും തകൃതിയായി നടക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന സൂചന.