
തൃശൂർ: ജില്ലയിലെ കൃഷിയിൽ ഒന്നാം സ്ഥാനം തെങ്ങിന്. തൊട്ട് പിന്നിൽ നെൽ കൃഷിയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.കൃഷി വകുപ്പിന്റെ സ്ഥിതി വിവര കണക്കിലാണ് തെങ്ങിന് ഉയർന്ന സ്ഥാനം ഉള്ളത്.
കർഷകർക്ക് ലഭിച്ചത്
ജില്ലയുടെ സംസ്ഥാന പദ്ധതി വിഹിതമായ 5564 ലക്ഷം രൂപയിൽ ഇതേ വരെ 3715 ലക്ഷം രൂപ കർഷകരുടെ അക്കൗണ്ടുകളിലെത്തിച്ചു. പ്രധാനമന്ത്രി കൃഷി സമ്മാൻ നിധി ഉൾപ്പടെ കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കായി അനുവദിച്ച 280 ലക്ഷം രൂപയിൽ 276 ലക്ഷം രൂപയും ഗുണഭോക്താതാക്കൾക്ക് കൈമാറി.
അടിസ്ഥാന വികസനത്തിന് 298 കോടി
അതിരപ്പിള്ളി ട്രൈബൽവാലി പദ്ധതി പ്രകാരം ആദിവാസി മേഖലയിൽ 10 കോടി രൂപയുടെ സമഗ്ര കാർഷിക വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 5 കർഷക ഉൽപ്പാദന കേന്ദ്രവും ആരംഭിക്കും. കാൾ നിലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി 298 കോടി രൂപയുടെ പദ്ധതികളാണ് ജില്ലയിലെ കൃഷി വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ളത്.
ജില്ലയിലെ ആകെ കൃഷി
(173344 ഹെക്ടർ)
തെങ്ങു കൃഷി 81152 ഹെക്ടർ.
നെൽക്കൃഷി 13586
കവുങ്ങ് 6108,
വാഴ 6522,
കുരുമുളക്
3212,
ജാതി 5700,
പച്ചക്കറി 4166,
പയർ വർഗങ്ങൾ 100,
റബ്ബർ 13500,
കപ്പ 750,
ഇഞ്ചി 150,
മഞ്ഞൾ 80
സുഭിക്ഷ കേരളം പദ്ധതി
സുഭിക്ഷ കേരളം പദ്ധതി പ്രകാരം 599.51 ഹെക്ടറിലാണ് നെൽകൃഷി. 275 ഹെക്ടറിലാണ് പച്ചക്കറി കൃഷി. 133 ഹെക്ടറിൽ പദ്ധതി പ്രകാരം നേന്ത്രവാഴ കൃഷിയുമുണ്ട്. കിഴങ്ങുവർഗ പയർ വർഗ കൃഷി, ചെറു ധാന്യങ്ങൾ എന്നിവ യഥാക്രമം 242, 75, 15 എന്നിങ്ങനെ ഹെക്ടറുകളിലായി വ്യാപിപ്പിച്ചിട്ടുണ്ട്.1338 ഹെക്ടർ തരിശുനിലത്തും ജനപങ്കാളിത്തത്തോടെ കൃഷി ആരംഭിച്ചു.
716 പേർക്ക് കാർഷിക വായ്പ
ജില്ലയിൽ കിസാൻ ക്രെഡിറ്റ് കാർഡ് മുഖേന 716 പേർക്ക് 302 ലക്ഷം രൂപയുടെ കാർഷിക വായ്പയും അനുവദിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്തുകളിൽ 780 പദ്ധതികളിൽ 4201 ലക്ഷം രൂപ, ബ്ലോക്ക് പഞ്ചായത്തിൽ 77 പദ്ധതികളിലായി 1049 ലക്ഷം രൂപ, ജില്ലാ പഞ്ചായത്തിൽ 7 പദ്ധതികളിലായി 373 ലക്ഷം രൂപ എന്നിങ്ങനെയും ചെലവഴിച്ചു. 56 പദ്ധതികൾക്ക് നഗരസഭയിൽ 463 ലക്ഷം രൂപയും 16 പദ്ധതികളിൽ കോർപറേഷനിൽ 10199 ലക്ഷം രൂപയും ചെലവഴിച്ചു.