തൃശൂർ: അഭയ കേസ് വിധി സത്യത്തിന്റെയും നീതിയുടെയും വിജയമാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് സമ്പൂർണ പറഞ്ഞു. ഇന്ത്യൻ സ്ത്രീത്വത്തിനു ലഭിച്ച നീതിയും വിജയവുമാണ് അഭയ കേസിലെ വിധിന്യായവും ശിക്ഷയും. വൈകിയാണെങ്കിലും ഇന്ത്യൻ ജുഡീഷ്യറി സത്യം, നീതി, ന്യായം, ധർമം എന്നീ മൂല്യങ്ങളും സമൂഹത്തിന്റെയും വ്യക്തിയുടെയും അന്തസും ഉയർത്തിപ്പിടിച്ചു. ഈയൊരു കാലത്തും സമൂഹത്തിന്റെ അടിത്തട്ടിൽ സനാതനമൂല്യങ്ങൾ ആഴ്ന്നു നിൽക്കുന്നുണ്ടെന്നതിനു തെളിവാണ് , വയറ്റിപ്പിഴപ്പിനു വേണ്ടി മോഷ്ടാവായപ്പോഴും, പ്രലോഭനങ്ങളിലും കൂറുമാറാതെ നിന്ന അടയ്ക്ക രാജു എന്ന സാധാരണക്കാരന്റെയും നേരിനായി പൊരുതിയ ജോമോൻ പുത്തൻപുരയ്ക്കൽ, അന്വേഷണത്തിൽ നീതി പുലർത്തിയ സിബിഐ ഉദ്യോഗസ്ഥരായ വർഗീസ് പി.തോമസ്, നന്ദകുമാർ നായർ എന്നിവരുടെ നിലപാടുകൾ. സംഘടിത സമ്മർദ്ദങ്ങളും സ്വാധീന ശ്രമങ്ങളും അതിജീവിച്ചു നേടിയ ഈ നീതി മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു മുന്നോട്ടു പോകാനുള്ള ഊർജമാണെന്നും അവർ പറഞ്ഞു.