 
പാവറട്ടി : ദാരു ശില്പി എളവള്ളി നന്ദന്റെ കരവിരുതിൽ അയ്യപ്പ സന്നിധിയിലേക്ക് ദാരുശില്പങ്ങൾ ഒരുങ്ങുന്നു. ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ ബലിക്കൽപ്പുരയുടെ മുകൾ ഭാഗത്ത് അഷ്ടദിക് പാലകരുടെയും നമസ്‌കാര മണ്ഡപത്തിന്റെ സ്ഥാനത്ത് മുകളിൽ നവഗ്രഹങ്ങളുടെയും ദാരുശില്പങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. പതിനെട്ട് കള്ളികളിലായാണ് ശില്പങ്ങൾ സ്ഥാപിക്കുന്നത്. കൂടാതെ ലതകളും, പുഷ്പങ്ങളും, വള്ളികളും മറ്റലങ്കാരങ്ങളും നിർമ്മിക്കുന്നുണ്ട്. പൂർണമായും തേക്ക് മരത്തിലാണ് ശില്പങ്ങൾ നിർമ്മിക്കുന്നത്. അന്തരിച്ച പ്രശസ്ത ദാരുശില്പി എളവള്ളി നാരായണൻ ആചാരിയുടെ മകനാണ് നന്ദൻ.ഗുരുവായൂരിനടുത്തുള്ള എളവള്ളിയിലെ പണിപ്പുരയിലാണ് ശില്പ നിർമ്മാണം നടക്കുന്നത്. സഹായികളായി നവീൻ, വിനീത്, സതീശൻ, വിനോദ് മാരായമംഗലം എന്നിവരും കൂടെ ചേർന്നു. നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ അപ്പുണ്ണി, ഭരതൻ എന്നിവർ ചേർന്നാണ് ശില്പങ്ങൾ വഴിപാടായി സമ്മർപ്പിക്കുന്നത്. ശബരിമല ക്ഷേത്ര ശ്രീകോവിലിന്റെ സ്വർണ വാതിലിന്റെ നിർമ്മാണച്ചുമതല നന്ദനാണ് നിർവഹിച്ചത്. ഗുരുവായൂർ ക്ഷേത്രം, മൂകാംബിക ക്ഷേത്രം, ബാംഗ്ലൂർ ജാലഹള്ളി അയ്യപ്പ ക്ഷേത്രം, കൊൽക്കത്ത ഗുരുവായൂരപ്പൻ ക്ഷേത്രം, തിരൂർ തുഞ്ചൻ സ്മാരക മ്യൂസിയം തുടങ്ങി കേരളത്തിനകത്തും പുറത്തും ധാരാളം ദാരുശില്പങ്ങൾ നിർമിച്ചിട്ടുണ്ട്. 2012 ൽ ദാരുശില്പകലകൾക്ക് കേന്ദ്ര സർക്കാരിന്റെ സീനിയർ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാഡമി എക്‌സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ കഥാകാരൻ എം ടി വാസുദേവൻ നായർ പുതിയ തലമുറയുടെ പെരുന്തച്ചൻ എന്നാണ് ശില്പി നന്ദനെ വിശേഷിപ്പിച്ചിട്ടുള്ളത്.