തൃശൂർ: സമൂഹത്തിൽ അശരണരായി ജീവിക്കുന്ന വിധവകൾക്ക് അഭയം നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന അഭയകിരണം പദ്ധതിക്ക് ജില്ലയിൽ മികച്ച പ്രതികരണം. തൃശൂർ ജില്ലയിൽ 2019-20 വർഷം 99 അഭയകിരണം ഗുണഭോക്താക്കൾക്ക് 893000 രൂപയാണ് സർക്കാർ ചിലവഴിച്ചത്. 2020-21 വർഷത്തേക്ക് 71 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. 2017-18 സാമ്പത്തിക വർഷത്തിലാണ് സർക്കാർ അഭയകിരണം പദ്ധതി ആരംഭിച്ചത്. വനിതാ ശിശു വികസന വകുപ്പ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതി പ്രകാരം വിധവകൾക്ക് അഭയവും കുടുംബ ചുറ്റുപാടും നൽകുന്ന കുടുംബത്തിലെ ഉത്തരവാദപ്പെട്ട വ്യക്തിക്ക് പ്രതിമാസം 1000 രൂപയാണ് ധനസഹായം നൽകുന്നത്. ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലെപ്‌മെന്റ് ഓഫീസ് വഴിയാണ് അർഹരായവരെ കണ്ടെത്തുന്നത്. കേരളത്തിൽ ആകെ അഭയകിരണം പദ്ധതിയിൽ 930 ഗുണഭോക്താക്കൾക്കായി ഈ വർഷം 1.42 കോടി രൂപയാണ് സർക്കാർ ചിലവഴിച്ചത്.