തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണനേതൃത്വമേറ്റെടുക്കുന്നവരുടെ വികസന നടപടികൾക്ക് പിന്തുണ നൽകുമെന്ന് ബി.ജെ.പി നാട്ടിക പഞ്ചായത്തു കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൃപ്രയാർ ബസ് സ്റ്റാൻഡ് നവീകരണം ഉടൻ നടപ്പിലാക്കണം. സുതാര്യമായി ടെൻഡർ നടപടികളിലൂടെയാവണം നിർമ്മാണ പ്രവർത്തനം.

ചേർക്കര, കലാഞ്ഞിപ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരം കാണണം. തൃപ്രയാർ അഴുക്കുചാൽ പുനഃക്രമീകരണം നടത്തണം. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയും ആസൂത്രണസമിതിയും ചേർന്ന് നടത്തിയ ഉന്നം പദ്ധതി ഇടപാടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തെ യു.ഡി.എഫ് ഭരണത്തിൽ ജനങ്ങൾക്കുണ്ടായ അതൃപ്തിയാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമായത്. മൂന്ന് സീറ്റുകൾ നൽകി ബി.ജെ.പിയെ പിന്തുണച്ച നാട്ടികകാർക്ക് ന്ദി അറിയിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബി.ജെ.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എ.കെ. ചന്ദ്രശേഖരൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജി പുളിക്കൽ, ലാൽ ഊണുങ്ങൽ, ഉല്ലാസ് വെള്ളാഞ്ചേരി, എം.വി. വിജയൻ എന്നിവരും പങ്കെടുത്തു.