വടക്കാഞ്ചേരി: ഭക്ഷ്യ സുരക്ഷയോടൊപ്പം മത്സ്യവിപണനത്തിലൂടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിലും സംസ്ഥാനത്ത് മത്സ്യഫെഡ് വലിയ മുന്നേറ്റമാണ് നടത്തുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യവിപണന രംഗത്ത് പുത്തൻ കാൽവെയ്പ്പുമായി പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിന്റെ ഗ്രീൻമൈത്രി മത്സ്യഫെഡ് ഫിഷ് മാർട്ട് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാസമാലിന്യങ്ങളില്ലാതെ വൃത്തിയുള്ള മത്സ്യവിഭവങ്ങൾ അതിവേഗം സാധാരണ ജനതയിലേക്കുൾപ്പെടെ എത്തിക്കാൻ ഇത്തരം ഫിഷ് മാർട്ടുകൾ വലിയ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. പെരിങ്ങണ്ടൂർ സഹകരണബാങ്ക് പ്രസിഡന്റ് എം.ആർ. ഷാജൻ അദ്ധ്യക്ഷത വഹിച്ചു. മുനമ്പം, പൊന്നാനി, ചേറ്റുവ, കൊച്ചി എന്നീ ഹാർബറുകളിൽനിന്ന് മത്സ്യം നേരിട്ടെത്തിച്ചാണ് ഫിഷ് മാർട്ടിലെ വിപണനം.

മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ മുഖ്യാതിഥിയായിരുന്നു. രാജൻ വർഗീസ്, ലോറൻസ് ഹറോൾഡ്, കെ. കെ ബാബു, പി.ബി സിന്ധു, സേവ്യർ മണ്ടുംപാല, ടി.ആർ. രാജൻ, കെ.ആർ. ഉദയൻ, ബാങ്ക് ഡയറക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.