തൃശൂർ: സംസ്ഥാനത്തെതന്നെ ആദ്യ അഗ്രോ പാർക്കായ ബനാന ഹണി പാർക്കിന്റെ നിർമ്മാണം കണ്ണാറയിലെ മോഡൽ ഹോർട്ടികൾച്ചറൽ ഫാമിൽ പുരോഗമിക്കുന്നു. കാർഷികോൽപന്നങ്ങളെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണനം നടത്തുകയാണ് അഗ്രോ പാർക്കിന്റെ ലക്ഷ്യം. കാർഷിക വിളകളുടെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ് സംസ്ഥാനത്ത് ആരംഭിക്കുന്ന അഞ്ച് അഗ്രോ പാർക്കുകളിൽ ആദ്യത്തേതാണ് കണ്ണാറയിലേത്. അഗ്രോ പാർക്കിന്റെ വരവോടെ കർഷകർക്ക് മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ വളരെ എളുപ്പം പരിശീലനം നേടാം. ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് ആവശ്യമായ സാങ്കേതിക ഉപദേശവും സംരംഭകത്വ പരിശീലനവും വാഴ ഗവേഷണ കേന്ദ്രത്തിൽ നിന്ന് നൽകും.
പാനീയങ്ങളായി പഴം ജ്യൂസ്, ജ്യൂസ് സിറപ്പ്, വാഴപ്പഴം നെക്ടർ,വാഴപ്പഴം ജ്യൂസ് പൗഡർ, ജ്യൂസ് സോഡ, ജ്യൂസ് സ്‌ക്വാഷ് തുടങ്ങി 11 വിഭവങ്ങളും നിർമ്മിക്കും. പച്ചക്കായയിൽ നിന്ന് ന്യൂഡിൽസ്, ബൺ, റൊട്ടി, മാക്രോൺ,ബ്രഡ്, ബിസ്‌കറ്റ്,മുറുക്ക്, പൊക്കുവട തുടങ്ങി നാൽപതോളം വിഭവങ്ങളും നിർമ്മിക്കും. വാഴ നാരുകൊണ്ട് നിർമ്മിക്കുന്ന ബാഗുകൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയ ഉൽപാദിപ്പിച്ച് പാർക്ക് മുഖേന വിതരണം ചെയ്യും.
പാർക്ക് നിർമ്മിക്കുന്നത് അഞ്ച് ഏക്കർ ഭൂമിയിൽ
25.13 കോടി രൂപയാണ് നിർമ്മാണ ചിലവ് പ്രതീക്ഷിക്കുന്നത്. അഞ്ച് ഏക്കർ ഭൂമിയിലാണ് പാർക്ക് നിർമ്മിക്കുന്നത്. തൃശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നിർമ്മാണം. 55,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം ബനാന പാർക്കിനും, 16.220 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം ഹണി പാർക്കിനുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.
150 ലേറെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിപണിയിൽ
എത്തിക്കാൻ സാധിക്കും
150 മെട്രിക് ടൺ നേന്ത്രപഴവും ഒരു ടൺ തേനും സംസ്‌കരിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റും. 150 ലേറെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഇത്തരത്തിൽ ബനാന ഹണി പാർക്ക് മുഖേന വിപണിയിൽ എത്തിക്കാൻ സാധിക്കും. വാഴപ്പഴത്തിൽ നിന്ന് തേൻ പ്രിസർവ്, പഴം വരട്ടി, കാൻഡി, ജാം, ജെല്ലി, ഹൽവ, പഴം അച്ചാർ, ലഡു, ഐസ്‌ക്രീം തുടങ്ങിയ 23 ഉൽപ്പന്നങ്ങളാണ് നിർമ്മിക്കുക.