കൊടുങ്ങല്ലൂർ: അഴീക്കോട് - മുനമ്പം പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു വെച്ച് പ്രത്യേക ഉന്നതതല യോഗം ചേർന്നു. കിഫ്ബിയുടെ 154.65 കോടിരൂപയുടെ സാമ്പത്തികാനുമതി ലഭിച്ചു.എറണാകുളം-തൃശ്ശൂർ ജില്ലകളിലെ തീരദേശവാസികളുടെ ഏറെ നാളത്തെ സ്വപ്നപദ്ധതിയാണിത് . സോയിൽ ഇൻവെസ്റ്റിഗേഷൻ , പൈലിംഗ് വർക്കുകൾ തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള ടെൻഡർ അനുമതിക്കായി ക്വട്ടേഷൻ സർക്കാരിലേക്ക് സമർപ്പിച്ചു. റീടെൻഡർ വിളിച്ചെങ്കിലും ഒരു കമ്പനി മാത്രമേ പങ്കെടുത്തുള്ളൂ എന്നതിനാൾ 30 ശതമാനം അധികതുകയ്ക്കാണ് ക്വാട്ട് ചെയ്തിരിക്കുന്നത്. ഗവ. സെക്രട്ടറിയുടെ പ്രത്യേക അംഗീകാരം ലഭിച്ചാലുടൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം ആരംഭിക്കുവാൻ സാധിക്കും. ഇതിന് വേണ്ടിയുള്ള എല്ലാ നടപടികളും വേഗത്തിലാക്കാൻ നിർദേശവും നൽകി. ഇ.ടി. ടൈസൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.ഇ.ഒ കെ.എം. എബ്രഹാം, കെ.ആർ.എഫ്.ബി ചീഫ് എൻജിനിയർ,പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്‌സിക്യുട്ടീവ് എൻജിനിയർ, അസി.എക്‌സി.എൻജിനിയർ, തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ, കിഫ്ബി മാനേജർ തുടങ്ങിയ ഉന്നതതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.