കൊടകര :അവസാനശ്വാസം വരെ പ്രകൃതിക്കുവേണ്ടി വിതുമ്പിയ സുഗതകുമാരി പരിസ്ഥിതിപ്രവർത്തകരുടെ കാരണവത്തിയായിരുന്നെന്ന് പരിസ്ഥിതിസംഘടനയായ തണലിന്റെ ഡയറക്ടർ കൊടകര കാവിൽ വാരിയത്ത് ഉഷജയനും സഹോദരൻ ചാലക്കുടി പുഴസംരക്ഷണസമിതി പ്രവർത്തകൻ ഉണ്ണികൃഷ്ണനും പറഞ്ഞു. കൊടകര കാവിൽ വാരിയത്ത് ശൂലപാണിവാരിയരുടെ മകളായ ഉഷയും സഹോദരൻ ഉണ്ണികൃഷ്ണനും സുഗതകുമാരിയുമായി അടുത്തു പ്രവർത്തിച്ചിട്ടുള്ളവരാണ്. അതിരപ്പിള്ളി പുഴസംരക്ഷണസമിതിയുടെ സജീവപ്രവർത്തകനാണ് ഉണ്ണികൃഷ്ണൻ.പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ആനുകാലികങ്ങളിൽ പതിറ്റാണ്ടുകളായി ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്ന ഉണ്ണികൃഷ്ണൻ 1990 മുതൽ പുഴസംരക്ഷണസമിതിയുടെ സജീവപ്രവർത്തകനാണ് . ഉഷയും ഭർത്താവ് ജയനും സുഹൃത്ത് ശ്രീധറും ഡയറക്ടർമാരായിട്ടുള്ള തണൽസംഘടന തിരുവന്തപുരം കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്.
സുഗതകുമാരി ബാലഭവന്റെ ഡയറക്ടറായിരുന്നപ്പോൾ ഉഷ സ്‌കൂൾ വിദ്യാർത്ഥിനിയാണ്.സ്‌കൂളിൻനിന്നും പരിസ്ഥിതിക്യാമ്പിനുകൊണ്ടുപോയപ്പോഴാണ് ടീച്ചറെ ആദ്യമായി ഉഷ കാണുന്നത്. അന്നത്തെ കാഴ്ചയിൽതന്നെ ഉഷയെ ടീച്ചർ ഏറെ സ്വാധീനിച്ചു.അന്നൊക്കെ കവയിത്രി എന്ന നിലയിലാണ് ടീച്ചറെ കണ്ടിരുന്നത്.
സുഗതകുമാരിക്കൊപ്പം ജീവിക്കാനായത് മഹാഭാഗ്യം: ഉഷാജയൻ
സൈലന്റ് വാലി സമരകാലംമുതൽ സുഗതകുമാരിയെ അടുത്തറിയാം. അന്നൊക്കെ ടീച്ചറുടെ എഴുത്തിലൂടെയാണ് സൈലന്റ് വാലിയെക്കുറിച്ചുതന്നെ അറിയുന്നത്. ആറന്മുളസമരത്തിൽ ഒപ്പം പ്രവർത്തിച്ചു. ടീച്ചറുമൊത്തുള്ള പ്രവർത്തനനാളുകൾ ഒരുകുടുംബത്തിലെ അംഗങ്ങളെ പോലെയായിരുന്നു. ആറന്മുളസമരത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളേയും ഒന്നിപ്പിക്കാൻ സുഗതകുമാരിക്കായെന്നും കേരളത്തിൽ ഏത് സർക്കാർ വന്നാലും സുഗതകുമാരിയുടെ വാക്കുകൾക്ക് ഏറെപ്രസക്തിയുണ്ടായിരുന്നു.സമീപകാലത്തുണ്ടായ ഒട്ടനവധി പാരിസ്ഥിതികപ്രശ്‌നങ്ങളുടെ ആകുലതയിലായിരുന്നു സുഗതകുമാരി. സുഗതകുമാരിക്കൊപ്പം ജീവിക്കാനായത് മഹാഭാഗ്യമാണെന്നും ഇനി ഇങ്ങിനെയൊരാൾ ഉണ്ടാവില്ലെന്നും ഉഷാജയൻ അനുസ്മരിച്ചു.
പരിസ്ഥിതി ചരിത്രത്തിൽ പുതിയഅധ്യായം കുറിച്ചു: ഉണ്ണികൃഷ്ണൻ
അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഉണ്ണികൃഷ്ണന് സുഗതകുമാരിയുമായി അടുത്തുബന്ധപ്പെടാനായത്. അതിരപ്പിള്ളി സമരത്തിൽ എന്നും പ്രവർത്തകർക്കൊപ്പമുണ്ടായിരുന്നു. സുഗതകുമാരിയാണ് പരിസ്ഥിതി ചരിത്രത്തിൽ പുതിയഅധ്യായം എഴുതിച്ചേർത്ത് രണ്ടാം അതിരപ്പിള്ളി സത്യാഗ്രഹം 2008 ഫെബ്രുവരി 25 ന് ഉദ്ഘാടനം ചെയ്തത്. അന്ന് സമരത്തിന് ആവേശം പകർന്ന ടീച്ചർ വാഴച്ചാൽ സന്ദർശിക്കുകയും ആദിവാസികുട്ടികൾക്കായി കവിത ചൊല്ലിക്കൊടുത്തശേഷമാണ് മടങ്ങിയതെന്നും ഉണ്ണികൃഷ്ണൻ ഓർക്കുന്നു.