
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ മൂന്നുവർഷത്തെ കാലാവധി ഇന്ന് പൂർത്തിയാവും. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ ക്ഷേത്രത്തിന്റെ ഉയർച്ചയ്ക്കും ക്ഷേമത്തിനുമായി നിരവധി പ്രവർത്തനങ്ങൾ നടത്തിയതായി ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ പറഞ്ഞു. ദേവസ്വത്തിന്റെയും 11 കീഴേടങ്ങളിലും പറമ്പുകളിൽ നിവേദ്യം കദളിയും നേന്ത്ര വാഴയും വഴുതന, തക്കാളി, മുളക്, കപ്പ എന്നിവയും കൃഷി ആരംഭിച്ചു. ദേവസ്വത്തിലേക്കാവശ്യമായ നാളികേരം വരുന്ന അഞ്ചു വർഷത്തിനുള്ളിൽ സ്വന്തം മണ്ണിൽ നിന്ന് കിട്ടാവുന്ന രീതിക്ക് കൃഷി ആരംഭിച്ചു. കഴിഞ്ഞ രണ്ടുവർഷമായി ക്ഷേത്രത്തിലെ ഇല്ലംനിറ ചടങ്ങിനാവശ്യമായ നെൽക്കതിർ കൊട്ടിലാക്കൽ പറമ്പിൽ കൃഷി ചെയ്ത് ലഭ്യമാക്കുന്നു. തണ്ടികവരവിനാവശ്യമായ വാഴക്കുലകൾ സ്വന്തം സ്ഥലത്ത് നിന്ന് ലഭിക്കാവുന്ന വിധത്തിൽ ദേവസ്വത്തിന്റെ പോട്ട കച്ചേരി വളപ്പിൽ കഴിഞ്ഞ വർഷം മുതൽ വിപുലമായ രീതിയിൽ കൃഷി ആരംഭിച്ചു.
ദേവസ്വത്തിന്റെ കീഴിൽ വരുന്ന 11 കീഴേടങ്ങളിലെയും കാര്യക്ഷമത കാര്യക്ഷമത വർദ്ധിപ്പിക്കാൻ കഴിഞ്ഞു.
ഭൂമികൾ തിരിച്ചു പിടിച്ചു
ദേവസ്വത്തിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാൻ ദേവസ്വം ബോർഡ് ശക്തമായ നടപടികളാണ് എടുത്തിട്ടുള്ളത്. ആലുവ ഉളിയന്നൂർ മഹാദേവ ക്ഷേത്രത്തിന്റെ ആറ് ഏക്കർ ഭൂമിയും ക്ഷേത്രവും ദേവസ്വം തിരിച്ചുപിടിച്ചു.ഇരിങ്ങാലക്കുടയിലെയും ചാലക്കുടിയിലെയും ഒട്ടനവധി ഭൂമികൾ നിയമ നടപടികളിലൂടെ തിരിച്ചുപിടിച്ചു. മണിമാളിക കെട്ടിടത്തിൽ നിന്ന് വാടകക്കാരെ ഒഴിപ്പിക്കുവാൻ നിയമ നടപടി സ്വീകരിക്കുകയും അനുകൂല ഉത്തരവ് നേടിയെടുക്കാൻ കഴിയുകയും ചെയ്തു. ദേവസ്വത്തിന് വരുമാനവും പൊതുജനങ്ങൾക്ക് ഗുണകരമാകുന്ന വിധത്തിൽ പദ്ധതികൾ യാഥാർഥ്യമാക്കാൻ തുടങ്ങി. ഠാണാവിലെ ദേവസ്വം ഭൂമിയിൽ സംഗമേശ്വര കോംപ്ലക്‌സ് നിർമ്മിച്ച് വാടകക്കാർക്കുനൽകി. മണിമാളിക കെട്ടിടത്തിൽ തുടങ്ങുന്ന പ്രൊഡജക്ടിന് ഭരണാനുമതിയും മുൻസിപ്പൽ അനുമതിയും എത്രയും പെട്ടെന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അഡ്മിനിസ്‌ട്രേറ്റർ എം.എം. സുമം, ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, അഡ്വ. രാജേഷ് തമ്പാൻ, കെ.എ. പ്രേമരാജൻ, കെ.ജി. സുരേഷ്, എ.വി. ഷൈൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.