ccc

തൃശൂർ: കാറ്റ് കനക്കുന്നതിനിടെ വന സംരക്ഷണത്തിനായി തയ്യാറെടുത്ത് തൃശൂര്‍ ജില്ലയിലെ വനംവകുപ്പ്. കാറ്റ് വീശിയടിക്കുന്ന ഡിസംബര്‍ മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ കാട്ടുതീ ബാധയ്ക്ക് സാദ്ധ്യതയേറെയാണ്. ജില്ലയില്‍ പീച്ചി, അകമല, അതിരപ്പിള്ളി, പട്ടിക്കാട്, ദേശമംഗലം തുടങ്ങി ഒട്ടനവധി വനപ്രദേശങ്ങളുണ്ട്. പല കാടുകളും അപൂര്‍വ്വ ജൈവസമ്പത്തിന്റെ കലവറകളാണ്. അപൂര്‍വ്വയിനം വൃക്ഷങ്ങളുടെയും നിരവധി പക്ഷിമൃഗാദികളുടെയും ചിത്രശലഭങ്ങളുടെയും ആവാസവ്യവസ്ഥയാണ് ഇവിടം. എന്നാല്‍ കാലാവസ്ഥ മാറി കാറ്റ് ശക്തമാകുന്നതോടെ വരണ്ടുണങ്ങിയ ഇലകളിലേക്കും മറ്റു ചപ്പിലേക്കും തീപടരാന്‍ സാദ്ധ്യതയുണ്ട്.

കർശന നിരീക്ഷണം

വാച്ചര്‍മാര്‍ സ്ഥിരമായി ഉണ്ടെങ്കിലും കാറ്റ്, വേനല്‍ എന്നിവ പ്രമാണിച്ച് വനമേഖലകളില്‍ നിരീക്ഷണത്തിനായി കൂടുതല്‍ വാച്ചര്‍മാരെ ചുമതലപ്പെടുത്തി.

ഏതെങ്കിലും തരത്തില്‍ തീപിടിച്ചാല്‍ മരങ്ങളും ഇലകളും ഉണക്കം കൂടുതലുള്ള ഉള്‍പ്രദേശങ്ങളില്‍ തീ പടരാതിരിക്കാനായി ഫയര്‍ ലൈന്‍ ഒരുക്കുന്നുണ്ട്.

വനത്തോട് ചേര്‍ന്ന് നിശ്ചിത ദൂരത്തില്‍ ചുറ്റിലുമുള്ള അടിക്കാടുകള്‍ നേരത്തെ കത്തിച്ചാണ് ഫയര്‍ലൈന്‍ തീര്‍ക്കുക. ഇതിന് ഫയര്‍ ട്രേസിംഗ് എന്നും പറയും.

വനാതിര്‍ത്തിയില്‍ പൂര്‍ണ്ണമായി ഫയര്‍ലൈന്‍ തീര്‍ക്കുന്നതോടെ പുറത്തുനിന്ന് വനത്തിലേക്ക് തീ പടരാനുള്ള സാഹചര്യം ഒഴിവാകും.

ജില്ലയിലെ അഗ്‌നിരക്ഷാസേനയും അടിയന്തര നടപടികള്‍ക്കായി സജ്ജമാണ്.

കാട്ടുതീ പടരുന്നത് തടയാൻ ജില്ലയില്‍ വനംവകുപ്പ് വിവിധ മുന്‍കരുതലുകളെടുത്തിട്ടുണ്ട്.

കെ.എം മനോജ് , ഫോറസ്റ്റ് വിഭാഗം സീനിയര്‍ സൂപ്രണ്ട്