 
തൃശൂർ: ട്രാഫിക് നിയമലംഘനം തടയാൻ മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ സ്ഥാപിക്കാനിരിക്കുന്ന ഒഫന്‍സ് ഡിറ്റക്‌ഷന്‍ ക്യാമറയുടെ സര്‍വ്വേ പൂര്‍ത്തിയായി. തൃശൂര്‍ ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തില്‍ 58 കേന്ദ്രങ്ങളിലായി ക്യാമറ സ്ഥാപിക്കുന്നതിനുള്ള സര്‍വ്വേയാണ് പൂര്‍ത്തീകരിച്ചത്. കേരള സ്റ്റേറ്റ് ഇലക്ട്രോണിക് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ സേഫ് കേരളയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി ജില്ലയെ അപകടരഹിത ജില്ലയാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തുന്നത്.
ഒഫന്‍സ് ഡിറ്റക്‌ഷന്‍ കാമറ
മൊബൈല്‍ഫോണ്‍ ഉപയോഗം, ഹെല്‍മെറ്റ്- സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കൽ, അമിതവേഗത്തില്‍ സഞ്ചരിക്കൽ തുടങ്ങി എല്ലാവിധ ഗതാഗതനിയമ ലംഘനങ്ങളും അതിവേഗത്തില്‍ കണ്ടുപിടിക്കാന്‍ കഴിയുന്നതാണ് ഒഫന്‍സ് ഡിറ്റക്‌ഷന്‍ കാമറ.
ക്യാമറ സ്ഥാപിക്കുന്നത്
റെഡ്‌ലൈറ്റ് ജമ്പിംഗ്, നോ പാര്‍ക്കിംഗ്, ആള്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിങ്ങനെ മൂന്ന് തലത്തിലുള്ള സര്‍വ്വേയിലൂടെയാണ് ഒഫന്‍സ് ഡിറ്റക്‌ഷന്‍ ക്യാമറ സ്ഥാപിക്കുന്നത്.കൂടാതെ തിരക്കുള്ള സ്ഥലങ്ങള്‍, കഴിഞ്ഞ വര്‍ഷത്തെ അപകട നിരക്കിനെ അടിസ്ഥാനമാക്കി വാഹനാപകടം കൂടുതലുള്ള സ്ഥലങ്ങള്‍, ഗതാഗതനിയമലംഘനങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് കാമറ സ്ഥാപിക്കുക. കാമറകള്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തിയ ഓരോ കേന്ദ്രങ്ങളിലെയും കാലാവസ്ഥയെ അടിസ്ഥാനമാക്കി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നതും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതുമായ രീതിയിലാണ് സ്ഥാപിക്കുക. തൃശൂര്‍ ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ എം.പി ജെയിംസിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സി. ലാലിന്റേയും നേതൃത്വത്തിലാണ് സര്‍വ്വേ നടന്നത്.