 
കോർപ്പറേഷൻ ഭരണചിത്രം ഇനിയും അകലെ
തൃശൂർ: കൂടുതൽ സമയം വേണമെന്ന് ഇടതുമുന്നണി അഭ്യർത്ഥിച്ചതോടെ ഇനിയും നിലപാട് വ്യക്തമാക്കാൻ തയ്യാറാവാതെ തൃശ്ശൂർ കോർപറേഷനിലെ കോൺഗ്രസ് വിമതൻ എം.കെ വർഗീസ്. 24ന് തന്റെ നിലപാട് പ്രഖ്യാപിക്കുമെന്നായിരുന്നു സത്യപ്രതിജ്ഞാവേളയിൽ എം.കെ വർഗീസ് പറഞ്ഞിരുന്നത്. എന്നാൽ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം വന്നശേഷം തന്റെ നിലപാട് പ്രഖ്യാപിക്കുമെന്നാണ് വർഗീസ് ഇപ്പോൾ പറയുന്നത്. ഇന്നലെ രാവിലെ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം ചേർന്നെങ്കിലും വിഷയത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് ലഭ്യമാകുന്ന സൂചനകൾ.
ആർക്കും ഭൂരിപക്ഷമില്ലാത്ത തൃശൂർ കോർപറേഷനിൽ കോൺഗ്രസ് വിമതൻ വർഗീസ് എടുക്കുന്ന തീരുമാനം നിർണായകമാണ്. 55 അംഗ കോർപ്പറേഷനിൽ എൽ.ഡി.എഫ്-24, യു.ഡി.എഫ്-23, എൻ.ഡി.എ-6, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവച്ച പുല്ലഴി ഡിവിഷനിൽ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഈ ഡിവിഷനിൽ ഇരുമുന്നണികളും പ്രതീക്ഷ പുലർത്തുന്നുണ്ടെങ്കിലും 28ന് മേയർ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് വിമതന്റെ പിന്തുണ ഇരുകൂട്ടർക്കും നിർണായകമാണ്.
ആദ്യഘട്ടത്തിൽ എൽ.ഡി.എഫിനൊപ്പം എന്ന് പ്രഖ്യാപിച്ച എം.കെ വർഗീസിനെ പാട്ടിലാക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം തന്നെ മുൻകൈ എടുത്തിരുന്നു. ടി. എൻ പ്രതാപൻ, എം.പി വിൻസന്റ് എന്നിവരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് വർഗീസുമായി ചർച്ചകൾ നടത്തുന്നത്. അതിനിടെ ഇടതുപക്ഷത്തിൽ നിന്ന് രണ്ടുപേരെ അടർത്തിയെടുക്കാനുള്ള നീക്കവും കോൺഗ്രസ് നേതൃത്വം തുടങ്ങിയിട്ടുണ്ട്. 28ന് മുമ്പ് സുപ്രധാനമായ നീക്കങ്ങൾ ഇടതു, വലതു പാളയങ്ങളിലുണ്ടാവുമെന്നാണ് സൂചന.