
ഗുരുവായൂര്‍: ദേവസ്വവും ജില്ല ഭരണകൂടവും നൽകുന്ന മാറിമാറിയുള്ള നിയന്ത്രണങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരിൽ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നു. കൊവിഡ് നിയന്ത്രണത്തിന്റെ പേരിൽ ഒരു ദിവസം തന്നെ പല നിർദ്ദേശങ്ങളാണ് ദർശനവും വഴിപാടുകളും സംബന്ധിച്ച് ദേവസ്വത്തിൽ നിന്നും ജില്ല ഭരണകൂടത്തിൽ നിന്നും ഉണ്ടാകുന്നത്. ക്ഷേത്രം കേന്ദ്രീകരിച്ച് 150ൽ പരം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചത്. എന്നാൽ ഇത് സംബന്ധിച്ച് വിവിധ കേന്ദ്രങ്ങൾ തമ്മിൽ ഏകോപനമില്ല. 3000 പേർക്ക് വെർച്വൽ ക്യൂവിലൂടെ ദർശനം നടത്താമെന്ന് വാർത്താകുറിപ്പിറക്കിയ ദേവസ്വം അന്നുതന്നെ 1500 ആക്കി ചുരുക്കി. എന്നാൽ കലക്ടർ ഇത് കഴിഞ്ഞ ദിവസം 2000 ആക്കി ഉയർത്തി. അതോടൊപ്പം എല്ലാവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധവുമാക്കി. വിവാഹങ്ങളുടെ എണ്ണം 25 ആക്കി കുറച്ചു. എന്നാൽ ഇന്നലെ വൈകിട്ടോടെഈ നിബന്ധന ജില്ല ഭരണകൂടം ഒഴിവാക്കി. ദർശനത്തിനെത്തുന്നവരും വിവാഹസംഘത്തിൽ ഉൾപ്പെടുന്നവരും അടക്കം പ്രതിദിനം 2000ൽ അധികം പേർ ഉണ്ടാവരുതെന്നാണ് പുതിയ നിർദേശം. രോഗലക്ഷണമുള്ളവർ മാത്രം പരിശോധന നടത്തി കൊവി ഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്നും മാറ്റിയിട്ടുണ്ട്. ക്ഷേത്ര പരിസരത്തെ വ്യാപാരികൾ കൊവിഡ് പരിശോധന നടത്തണമെന്ന നിർദ്ദേശവും പിൻവലിച്ചു. രോഗലക്ഷണമുള്ളവർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം എന്നാക്കിയിട്ടുണ്ട്. കളക്ടർ നേരത്തെ പ്രഖ്യാപിച്ച നിബന്ധനകളിൽ ഇളവ് വേണമെന്ന് ദേവസ്വം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കളക്ടറുടെ നടപടി.