
തൃശൂർ: ആർക്ക് പിന്തുണ നൽകണം എന്നത് സംബന്ധിച്ചു കോൺഗ്രസ് വിമതൻ എം.കെ. വർഗീസ് തന്റെ നിലപാട് പ്രഖ്യാപിക്കാത്തതിനെ തുടർന്ന് തൃശൂർ കോർപ്പറേഷനിൽ ആര് ഭരണത്തിൽ വരുമെന്നതിനെ കുറിച്ച് അനിശ്ചിതത്വം തുടരുന്നു. കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയ വർഗീസ് തന്റെ നിലപാട് 24 ന് പ്രഖ്യാപിക്കും എന്നാണ് മാധ്യമങ്ങളോട് പറഞ്ഞിരുന്നതെങ്കിലും അതുണ്ടായില്ല. തന്റെ ആവശ്യത്തിൽ ഇടതുപക്ഷം നിലപാട് അറിയിക്കാത്തതിനെ തുടർനാണ് തീരുമാനം വൈകുന്നത്. കൂടുതൽ സമയം വേണമെന്ന് ഇടതുമുന്നണി അഭ്യർത്ഥിച്ചിരുന്നു. എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം വന്നശേഷം തന്റെ നിലപാട് പ്രഖ്യാപിക്കുമെന്നാണ് വർഗീസ് ഇപ്പോൾ പറയുന്നത്. കഴിഞ്ഞ ദിവസം എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം ചേർന്നെങ്കിലും വിഷയത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് ലഭ്യമാകുന്ന സൂചനകൾ. സി.പി.എമ്മിലെ മുതിർന്ന നേതാക്കളെ ചർച്ചകൾക്കായി ചുമതലപെടുത്തിയിട്ടുണ്ട്. ആർക്കും ഭൂരിപക്ഷമില്ലാത്ത തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസ് വിമതൻ വർഗീസ് എടുക്കുന്ന തീരുമാനം നിർണായകമാണ്. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റി വച്ച പുല്ലഴി ഡിവിഷനിൽ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഈ ഡിവിഷനിൽ ഇരുമുന്നണികളും പ്രതീക്ഷ പുലർത്തുന്നുണ്ടെങ്കിലും 28ന് മേയർ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് വിമതന്റെ പിന്തുണ ഇരുകൂട്ടർക്കും നിർണായകമാണ്. ആദ്യഘട്ടത്തിൽ എൽ.ഡി.എഫിനൊപ്പം എന്ന് പ്രഖ്യാപിച്ച എം.കെ വർഗീസിനെ പാട്ടിലാക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം തന്നെ മുൻകൈ എടുത്തിരുന്നു. ടി.എൻ പ്രതാപൻ, എം.പി വിൻസന്റ് എന്നിവരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് വർഗീസുമായി ചർച്ചകൾ നടത്തുന്നത്. അതിനിടെ ഇടതുപക്ഷത്തിൽ നിന്ന് രണ്ടുപേരെ അടർത്തിയെടുക്കാനുള്ള നീക്കവും കോൺഗ്രസ് നേതൃത്വം തുടങ്ങിയിട്ടുണ്ട്. 28ന് മുമ്പ് സുപ്രധാനമായ നീക്കങ്ങൾ ഇടതു, വലതു പാളയങ്ങളിലുണ്ടാവുമെന്നാണ് സൂചന. തിങ്കളാഴ്ച്ചയാണ് മേയർ തിരഞ്ഞെടുപ്പ്. വർഗീസിന്റെ പിന്തുണ ഉറപ്പായാൽ ഒരിക്കൽ കൂടി തൃശൂർ കോർപ്പറേഷൻ ഇടതു മുന്നണി ഭരിക്കും. എന്നാൽ വലത്തോട്ട് ചാഞ്ഞാൽ മേയറെ നറുക്കെടുപ്പിലൂടെ മാത്രമേ കണ്ടെത്താനാകു.
55 അംഗ കോർപ്പറേഷനിലെ
കക്ഷി നില
എൽ.ഡി.എഫ്-24,
യു.ഡി.എഫ്-23,
എൻ.ഡി.എ-6,
സ്വതന്ത്രൻ-ഒന്ന്