 
തൃശൂർ: തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുള്ള കോൺഗ്രസിലെ കലാപം പുറത്തേക്ക്. തൃശൂർ കോർപ്പറേഷൻ അയ്യന്തോൾ ഡിവിഷനിൽ മത്സരിച്ച് പരാജയപ്പെട്ട മുൻ കൗൺസിലറും കെ.പി.സി.സി സെക്രട്ടറിയും ഐ ഗ്രൂപ്പ് നേതാവുമായ എ. പ്രസാദാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്. ഐ ഗ്രൂപ്പിലെ തൃശൂർ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടപ്പെട്ട നേതാവാണ് എ.പ്രസാദ്.
ഫേസ്ബുക്ക് പോസ്റ്റിലാണ് എ. പ്രസാദ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്. 29ന് ചേരാൻ ഇരിക്കുന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിൽ എ. പ്രസാദിന്റെ തോൽവി ഉൾപ്പെടെയുള്ള ജില്ലയിലെ കോൺഗ്രസിന്റെ പരാജയങ്ങൾ ഉന്നയിക്കപ്പെടുമെന്നുള്ളത് ഉറപ്പാണ്.
സ്ഥാനാർത്ഥിയായി നേരത്തെ എത്തി, എന്നിട്ടും
തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസിൽ മറ്റ് ഡിവിഷനുകളിൽ സ്ഥാനാർത്ഥികളെ ചൊല്ലി തർക്കം നിലനിന്നപ്പോൾ അയ്യന്തോൾ ഡിവിഷനിൽ നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എ.പ്രസാദ് പ്രചരണത്തിന്റെ ആദ്യഘട്ടം മുതൽ മേൽക്കൈ നേടിയിരുന്നു. എന്നാൽ കോൺഗ്രസിന്റെ സിറ്റിങ് ഡിവിഷനായ അയ്യന്തോളിൽ 73 വോട്ടുകൾക്കാണ് എ. പ്രസാദ് പരാജയപ്പെട്ടത്. എൻ.ഡി.എ സ്ഥാനാർത്ഥിയാണ് ഇവിടെ വിജയിച്ചത്.
മുതിർന്ന നേതാക്കൾ തിരിഞ്ഞുനോക്കിയില്ല
ശക്തമായ ത്രികോണ മത്സരം നടന്ന ഡിവിഷനിൽ കോൺഗ്രസിന്റെ ജില്ലയിലെ സമുന്നതരായ നേതാക്കൾ ആരുംതന്നെ പ്രചരണത്തിന് എത്തിയിരുന്നില്ല. ഇത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. കെ.പി.സി.സി വൈസ് പ്രസിഡൻ്റ് പത്മജാ വേണുഗോപാൽ, മുതിർന്ന നേതാവ് തേറമ്പിൽ രാമകൃഷ്ണൻ, ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് അടക്കമുള്ള നേതാക്കൾ ആരും തന്നെ പ്രസാദിനു വേണ്ടി പ്രചാരണത്തിന് എത്തിയിരുന്നില്ല. മുതിർന്ന നേതാക്കളെ പലവട്ടം ബന്ധപ്പെട്ടെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പ്രസാദ് പറയുന്നു.
തോൽപ്പിച്ചത് കോൺഗ്രസിലെ കോക്കസ്
ടി.എൻ പ്രതാപൻ എം.പി, അനിൽ അക്കര എം.എൽ.എ, ഡി.സി.സി പ്രസിഡണ്ട് എം.പി വിൻസന്റ് എന്നിവരടങ്ങിയ കോക്കസാണ് പ്രസാദിന്റെ പരാജയത്തിന് പിന്നിലെന്നാണ് ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നത്. ഡിവിഷനിലെ വീടുകൾ കേന്ദ്രീകരിച്ചു ചില കോൺഗ്രസ് പ്രവർത്തകർ പ്രചരണം നടത്തി.
ശ്രീധരൻ തേറമ്പിലിന്റെ പരാതിയും യാഥാർത്ഥ്യവും
മർദ്ദിച്ചു എന്ന് കാട്ടി പൊതുപ്രവർത്തകൻ ശ്രീധരൻ തേറമ്പിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. എന്തിനാണ് അത്തരത്തിലൊരു പരാതി എന്നുപോലും ഇതുവരെ അറിയില്ല. തുടർന്ന് ഇയാൾ വീടുകൾ കയറി തനിക്കെതിരെ പ്രചാരണം നടത്തുകയായിരുന്നു എന്നെ പ്രസാദ് പറയുന്നു.