 
മാള: ഉപയോഗശൂന്യമായ പേപ്പറുകളും കാർട്ടണുകളും ഡോക്ടർ ബി.അജിത്ത്കുമാറിന്റെ കരവിരുതിൽ വിസ്മയം നിറഞ്ഞ രൂപങ്ങളാകും. 68 കാരനായ ഈ ഫിസിഷ്യൻ ഒരു കുട്ടിയെ പോലെ കുത്തിയിരുന്ന് കരവിരുത് പ്രകടിപ്പിക്കുമ്പോൾ അതിന്റെ ചന്തമൊന്ന് വേറെയാണ്. ഒഴിവുസമയങ്ങൾ വെറുതെ കളയാതെ കരവിരുതിൽ തീർത്ത നിരവധി വിസ്മയങ്ങളാണ്.
മാള ശ്രീനാരായണ ഗുരുധർമ്മ ട്രസ്റ്റിന്റെ ഗുരുധർമ്മം മിഷൻ ആശുപത്രിയിലെ ചീഫ് ഫിസിഷ്യനായ അജിത്ത് കുമാറിന് കുട്ടിയായിരിക്കുമ്പോൾ മുതൽ ചിത്രം വരയിലും സംഗീതത്തിലും അഭിനയത്തിലും പ്രാവീണ്യമുണ്ടായിരുന്നു. കുടിൽ മുതൽ കൊട്ടാരം വരെയുള്ള വീടുകളും വിവിധ തരം വാഹനങ്ങളും പേപ്പർ കൊണ്ട് രൂപപ്പെടുത്തി വർണങ്ങൾ പകരും. ഒരാഴ്‌ചയെടുത്താണ് അടുത്തിടെ കാളവണ്ടി ഒരുക്കിയത്. ആശുപത്രിയിൽ ജോലിക്ക് ശേഷം ലഭിക്കുന്ന ഒഴിവു സമയങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഈ കരവിരുത്.
ചിലവ് കുറവ്
കുട്ടിക്കാലത്ത് പേപ്പർ ക്രാഫ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് പേരക്കുട്ടിക്ക് വേണ്ടിയാണ് കളിപ്പാട്ടം നിർമ്മിച്ചത്. അത് നന്നായെന്ന് എല്ലാവരും പറഞ്ഞപ്പോൾ നേരമ്പോക്കിനായി തുടരുകയായിരുന്നു. ഇപ്പോൾ കാർ,ബൈക്ക്,ജീപ്പ്,ടാങ്കർ ലോറി,കെ.എസ്.ആർ.ടി.സി.ബസ്,കാളവണ്ടി,കൊട്ടാരം തുടങ്ങിയ ഒട്ടേറെയുണ്ട്. താൽപ്പര്യമുള്ളതിനാൽ പകൽ മാത്രമല്ല രാത്രിയിലും ഇരുന്ന് വൈകുവോളം പേപ്പർ ക്രാഫ്റ്റ് ചെയ്യാറുണ്ട്.പഴയ പേപ്പറും കാർട്ടണും പശയും മാത്രമേ ഈ കരവിരുതിനായി ഉപയോഗിക്കുന്നത്.