vikasana-samithy
തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഓൺലൈൻ വഴി നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ് സംസാരിക്കുന്നു

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം രോഗികൾ വർദ്ധിച്ച സാഹചര്യത്തിൽ കൊവിഡ് വ്യാപനം തടയാൻ കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ വികസനസമിതി. തിരഞ്ഞെടുപ്പിനു ശേഷം കൊവിഡ് വ്യാപനത്തോതിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് തൃശൂർ ജില്ല പിറകിലാണ്. ഇനിയും ഇതു നിലനിർത്തുന്നതിനായി താഴേത്തലം മുതൽ നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ, പഞ്ചായത്തുതല ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് നിർദേശങ്ങൾ നൽകി കൊവിഡ് വ്യാപനം തടയാനാണ് പദ്ധതിയെന്നും സ്‌കൂൾ, കോളേജുകൾ എന്നിവ വിട്ടുകൊടുക്കാതെ തന്നെ കൊവിഡ് ചികിത്സാകേന്ദ്രങ്ങൾ ജില്ലയിൽ ആരംഭിക്കുമെന്നും കളക്ടർ വ്യക്തമാക്കി. പഞ്ചായത്തുതലത്തിൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർ.ആർ.ടി) പുന:സംഘടിപ്പിക്കും.

ജില്ലയിൽ പട്ടയ വിതരണം കാര്യക്ഷമമാക്കാൻ നടപടി കൈക്കൊള്ളും. ഇതേവരെ 2300 പട്ടയങ്ങൾ തയ്യാറാക്കി. ഇനിയും നിശ്ചിത സമയത്തിനുള്ളിൽ പരമാവധി പട്ടയങ്ങൾ തയ്യാറാക്കുമെന്നും കളക്ടർ അറിയിച്ചു. ജില്ലയിൽ തീരദേശ സംരക്ഷണത്തിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾക്ക് അജണ്ട നിശ്ചയിച്ച് സർക്കാരിനു നൽകിവരുന്നുണ്ട്. തീരദേശങ്ങളിൽ ജിയോബാഗുകൾ സ്ഥാപിക്കാനും ബയോഷീൽഡ് നിർമിക്കാനും സാധിക്കും. ബയോഷീൽഡുകൾ സ്ഥാപിക്കാൻ ഉതകുന്ന സ്ഥലങ്ങൾ കണ്ടെത്താനും വകുപ്പുമേധാവിക്ക് കളക്ടർ നിർദേശം നൽകി. തീരദേശത്തെ പുനർഗേഹം പദ്ധതിയുടെ ഭാഗമായി 853 ഗുണഭോക്താക്കൾക്കു കൂടി ആനുകൂല്യം നൽകുന്ന പദ്ധതി നടന്നുവരികയാണ്. പുനർഗേഹം പുതിയ പദ്ധതിയാക്കി കൂടുതൽ പേർക്ക് ആനുകൂല്യം ലഭിക്കുന്നതിനുള്ള സാദ്ധ്യതയും പരിശോധിക്കുന്നതായും കളക്ടർ അറിയിച്ചു.

ആനക്കയം കോളനി പുനരധിവാസം സംബന്ധിച്ച നടപടികൾ വേഗത്തിലാക്കാനും ചാലക്കുടി രണ്ടുകൈ പ്രദേശത്തെ ലൈഫ് മിഷൻ പദ്ധതിക്ക് സ്ഥലം നോക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ വേഗത്തിലാക്കാനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ചേലക്കര താലൂക്ക് ആശുപത്രിയിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന ഡയാലിസിസ് സെന്ററിന്റെ നിർമാണ പ്രവർത്തികൾ വേഗത്തിലാക്കും. എറവ് വാടാനപ്പിള്ളി പാത, ചൂണ്ടൽ ആളൂർ പാത എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളും വേഗത്തിലാക്കാനും വകുപ്പുമേധാവിക്ക് നിർദേശം നൽകി. കൊരട്ടിയിൽ മേച്ചിൽപുറ പട്ടയ വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ എത്രയും പെട്ടന്ന് പൂർത്തിയാക്കാനും നിർദേശം നൽകി. ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന പശുവളർത്തൽ പദ്ധതിയിൽ പശുക്കളെ അന്യസംസ്ഥാനത്തു നിന്നും വാങ്ങാവുന്നതാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ യോഗത്തെ അറിയിച്ചു. എം.എൽ.എമാരായ മുരളി പെരുനെല്ലി, ബി.ഡി. ദേവസി, ഇ.ടി. ടൈസൺ, യു.ആർ. പ്രദീപ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത, കൃഷിവകുപ്പുമന്ത്രിയുടെ പ്രതിനിധി എം.ജി. നാരായണൻ എന്നിവർ പങ്കെടുത്തു.